ന്യൂദല്‍ഹി: ഒരാള്‍ നല്ല ബുദ്ധിശാലിയാകുന്നതും ഭംഗിയുള്ളതുമാകുന്നത് ജീനിലൂടെയാണെന്ന് ശശി തരൂര്‍. ഇതിന് വേണ്ടി നിങ്ങളുടെ രക്ഷിതാക്കളെ വിവേകപൂര്‍വം തെരഞ്ഞെടുക്കണമെന്ന ശശി തരൂരിന്റെ ഉപദേശത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
നാഗലാന്റിലെ ഒരു കൂട്ടം ചെറുപ്പക്കാരുമായി സംവദിക്കുന്നതിന്റെ ഇടയിലെ രസകരമായ സന്ദര്‍ഭം ശശി തരൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
‘സമീപകാലത്ത് ഞാന്‍ നാഗലാന്റില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്, അത് ഇവിടെ ചേര്‍ക്കുന്നു,’ എന്ന് പറഞ്ഞാണ് തരൂര്‍ വീഡിയോ പങ്ക് വെച്ചത്.
വീഡിയോയില്‍ ഒരു പെണ്‍കുട്ടി ശശി തരൂരിന്റെ ഭംഗിയെ കുറിച്ച് ചോദിക്കുന്നത് കാണാം.
എങ്ങനെയാണ് ഒരാള്‍ക്ക് അത്ഭുതമുണര്‍ത്തുന്ന വിധം സുന്ദരനും ഊര്‍ജസ്വലനും അതേസമയം ബുദ്ധിശാലിയും സമര്‍ത്ഥനുമാകാന്‍ സാധിക്കുന്നതെന്ന് പെണ്‍കുട്ടി ചോദിച്ചു.
ഇതിനുള്ള ശശി തരൂരിന്റെ മറുപടിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
‘ ഇതില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളുമുണ്ട്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാക്കളെ ബുദ്ധിപരമായി തെരഞ്ഞെടുക്കുക. ഇതൊക്കെ ജീനില്‍ ഉള്‍പ്പെടുന്നതാണ്. ഇതിനെല്ലാമുപരി നിങ്ങള്‍ എല്ലാവരും നന്നായി ജോലി ചെയ്യണം,’ തരൂര്‍ പറഞ്ഞു.
താന്‍ നല്ല വായനാശീലമുള്ളയാളാണെന്നും ചെറുപ്പകാലം മുതലേ അത് തന്റെ ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ വായനശീലത്തില്‍ നിന്ന് ഒരുപാട് കാര്യം ഞാന്‍ പഠിച്ചിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നന്നായി സംസാരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ നിങ്ങള്‍ ഒരിക്കല്‍ അങ്ങനെ സംസാരിക്കുകയാണെങ്കില്‍ നിങ്ങളുടെ ആത്മ വിശ്വാസം വര്‍ധിക്കും.
എന്നാല്‍ നിങ്ങളുടെ കാഴ്ചപ്പാട് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതൊരു കടമ്പയാണ്. അത് നിങ്ങള്‍ക്ക് പരിശീലനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ,’ ശശി തരൂര്‍ പറഞ്ഞു.
ആളുകളോട് സംസാരിക്കുകയും അവരുടെ പ്രതികരണം എങ്ങനെയാണെന്ന് മനസിലാക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ സംസാരിക്കുന്നത് ചിലപ്പോള്‍ ശരിയാകും, ചിലപ്പോള്‍ ശരിയാകില്ല. നിങ്ങള്‍ക്ക് ചിലപ്പോള്‍ ലജ്ജ തോന്നാം. പക്ഷേ വീണ്ടും പരിശീലിച്ച് അത് മനോഹരമാക്കണം’, അദ്ദേഹം പറഞ്ഞു.
ചില കാര്യങ്ങളില്‍ നിരന്തരം പ്രവര്‍ത്തിക്കണമെന്നും എന്നാല്‍ മറ്റ് ചില കാര്യങ്ങളില്‍ ദൈവത്തോട് നന്ദി പറയണമെന്നും ശശി തരൂര്‍ പറഞ്ഞു.
content highlight: sasi tharoor about his good looking