തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പി നടത്തിയ സമരം ജനങ്ങളെ പറ്റിക്കാനെന്ന് ശശി തരൂര്‍ എം.പി. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോയെന്ന ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി നല്‍കിയ മറുപടി ഉയര്‍ത്തിക്കാട്ടിയാണ് തരൂരിന്റെ വിമര്‍ശനം.
സുപ്രീം കോടതിയുടെ പേര് പറഞ്ഞ് ശബരിമല വിഷയത്തില്‍ തടിയൂരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു നിയമമന്ത്രി പറഞ്ഞത്.
എന്നാല്‍ എസ്.സി/എസ്.ടി നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറികടക്കാന്‍ 2018ല്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന കേന്ദ്രസര്‍ക്കാറാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പേര് പറഞ്ഞ് ശബരിമല വിഷയത്തില്‍ മാറിനില്‍ക്കുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ലോക്‌സഭയില്‍ ആന്റോ ആന്റണി എം.പിയാണ് ശബരിമല വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോയെന്ന ചോദ്യം ചോദിച്ചത്. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു നിയമമന്ത്രിയുടെ മറുപടി.