തിരുവനന്തപുരം: തുലാഭാരത്രാസ് പൊട്ടി വീണതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ എം.പി. കാര്യങ്ങള്‍ എല്ലാം അറിയുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
തുലാഭാരത്തട്ട് പൊട്ടിവീണുവെന്ന് താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എണ്‍പത്തിയാറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, തുലാഭാരത്രാസ് പൊട്ടിവീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന ശശി തരൂരിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹം ഇന്ന് വൈകുന്നേരത്തെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും.
കഴിഞ്ഞദിവസമാണ് തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്കേറ്റത്. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം.
തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. പഞ്ചസാര കൊണ്ടുള്ള തുലാഭാര നേര്‍ച്ചക്കിടെയായിരുന്നു അപകടം. ത്രാസിന്റെ കൊളുത്ത് ഇളകിവീണതായിരുന്നു അപകടകാരണം. അപകടത്തില്‍ ശശി തരൂരിന്റെ തലയില്‍ മുറിവേറ്റിരുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.