| Thursday, 5th July 2018, 10:43 am

സുനന്ദ പുഷകറിന്റെ മരണം: തരൂരിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ്സ് എം.പി ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം. രാജ്യം വിട്ട് പോകരുതെന്ന നിബന്ധനയോടുകൂടിയാണ് പട്യാല ഹൗസ് കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം.

തരൂര്‍ രാജ്യം വിട്ടു പോകാന്‍ സാധ്യതയുണ്ടെന്ന ദല്‍ഹി പൊലീസിന്റെ വാദം കണക്കിലെടുത്ത് ജാമ്യാപേക്ഷയിലുള്ള വിധി പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ മാറ്റിവച്ചിരുന്നു. ജാമ്യമനുവദിച്ചാല്‍ തരൂര്‍ അന്വേഷണത്തെ തടസ്സപ്പെടുത്തിയേക്കുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ജൂലായ് 7ന് കോടതി മുന്‍പാകെ ഹാജരാകാനും തരൂരിന് നിര്‍ദ്ദേശമുണ്ട്.


Also Read: റെയില്‍വേ മന്ത്രി ചതിച്ചു; അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പില്ല


തരൂര്‍ ഇടയ്ക്കിടെ രാജ്യത്തിനു പുറത്തേക്ക് സഞ്ചരിക്കുന്നയാളാണെന്നും, കേസിലെ പ്രധാന സാക്ഷികളായ നാരായണ്‍ സിംഗിനെയും ബജ്‌റംഗിയെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ദല്‍ഹി പൊലീസിന്റെ പക്ഷം. എന്നാല്‍, കേസില്‍ മുന്‍പ് സ്വീകരിച്ച നിലപാടില്‍ നിന്നും വ്യതിചലിക്കുന്നതാണ് പൊലീസിന്റെ പുതിയ പ്രസ്താവനയെന്ന് തരൂരിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ കപില്‍ സിബലും അഭിഷേക് മനു സിംഘ്‌വി കോടതിയില്‍ പറഞ്ഞു.

“അന്വേഷണത്തിന്റെ സമയത്ത് തരൂര്‍ പൂര്‍ണമായും സഹകരിച്ചിരുന്നതായാണ് ചാര്‍ജ് ഷീറ്റില്‍ പറയുന്നത്. മുന്‍പു പറഞ്ഞതിനു വിരുദ്ധമായാണ് പൊലീസ് ഇപ്പോള്‍ സംസാരിക്കുന്നത്.” സിബല്‍ പറഞ്ഞു. അറസ്റ്റില്‍ നിന്നും തരൂരിന് സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.


Also Read: ചങ്ങനാശ്ശേരി ദമ്പതികളുടെ ആത്മഹത്യ: മരണത്തിന് ഉത്തരവാദി സി.പി.ഐ.എം കൗണ്‍സിലറെന്ന് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്


അന്വേഷണം അവസാനിച്ചെന്നും തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണ്ട ആവശ്യമില്ലെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുള്ളതായി തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

2014 ജനുവരി 17നാണ് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ സുനന്ദ പുഷ്‌കറിനെ കണ്ടെത്തുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 498എ, 306 എന്നീ വകുപ്പുകള്‍ പ്രകാരമാണ് തരൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more