നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി ഏറ്റെടുത്ത് ശശി തരൂര്‍
Daily News
നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി ഏറ്റെടുത്ത് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th October 2014, 12:29 pm

tharoor01തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്. രാവിലെ 11.30ന് വിഴിഞ്ഞം ഹാര്‍ബറിലെത്തിയ തരൂര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ഭാരതത്തിന്റെ സ്വച്ഛത ഒരു പാര്‍ട്ടിക്കും വിട്ടുകൊടുക്കില്ലെന്ന് ശുചീകരണ പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം ശശി തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യം ശുചിയാകുന്ന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല. ഗാന്ധിജി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതി കോണ്‍ഗ്രസ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. ശുചീകരണ പദ്ധതികള്‍ ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ഓരോ സര്‍ക്കാരുകള്‍ അത് പേര് മാറ്റി നടപ്പാക്കുകയാണ് ചെയ്തതെന്നും രാഷ്ട്രീയം ഏതായാലും രാജ്യം നന്നായാല്‍ മതിയെന്നും ശശി തരൂര്‍ പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജനം അടിയന്തിരപ്രാധാന്യമുള്ള ഒരു കാര്യമാണ്. വിഴിഞ്ഞത്ത് ഭവനനിര്‍മാണ മേഖലയിലും വിനോദസഞ്ചാര മേഖലയിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എങ്കിലും ഇവിടെ പാവപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്നില്‍ ഇപ്പോഴും മാലിന്യം കൂടിക്കിടക്കുകയാണ്. ഈ സ്ഥിതി മാറണമെന്നും തരൂര്‍ പറഞ്ഞു.

ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ നടന്നുവരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടുമൊരു ഉദ്ഘാടനം നടത്തി ബീച്ച് വൃത്തിയാക്കിയ തരൂരിന്റെ നടപടി കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പായാണ് കാണുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണക്കുകയും പദ്ധതി കൊണ്ടുവന്ന നരേന്ദ്രമോദിയെ സ്തുതിക്കുകയും ചെയ്ത തരൂരിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് കെ.പി.സി.സിയുടെ പരാതി പ്രകാരം എ.ഐ.സി.സി വക്താവ് സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് തരൂര്‍ ശുചീകരണവുമായി രംഗത്തെത്തിയത്.