ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യമാവശ്യപ്പെട്ടത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കൊവിഡിന്റെ എല്ലാ തിക്തഫലങ്ങളും അനുഭവിച്ച് രോഗക്കിടക്കയിലാണ് ഞാനിപ്പോള്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രസ്താവന കണ്ടിരുന്നു. വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് നടപ്പാക്കുക,’ ശശി തരൂര്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗജന്യമായ വാക്സിന്‍ നല്‍കുന്ന നയമാണ് വേണ്ടത്. കൊവിഡ് ബാധിച്ച് വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചയാളാണ് താനെന്നും അതൊന്നും ഇനിയാര്‍ക്കും വരാതിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയെ താന്‍ പിന്തുണയ്ക്കുന്നുവെന്നും കൂടിയ വിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും തരൂര്‍ പറഞ്ഞു.
കേന്ദ്രം വാക്‌സിന്‍ വാങ്ങി രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരുകളെല്ലാം വാക്‌സിനേഷന്റെ കാര്യത്തില്‍ തുടര്‍ന്നുവന്ന നയമാണിതെന്നും തരൂര്‍ പറഞ്ഞു.
ഡിസംബറോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ഡിസംബറോടെ കഴിയുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.
എന്നാല്‍ തുടര്‍ച്ചയായ ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നാണ് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Sashi Tharoor Tweet About Covid vaccine