ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ശശി തരൂര്‍ എം.പി. “അതിഥി ദേവോ ഭവ” എന്ന ഭാരതീയ സംസ്‌കാരം ഹിന്ദുത്വവാദികള്‍ മറന്നോയെന്നും അദ്ദേഹം ചോദിച്ചു. ദി ക്വിന്റിലെഴുതിയ ലേഖനത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.
“ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളവരടക്കം എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ഥികളേയും പുറത്താക്കാനാണ് ഇന്ത്യയുടെ തീരുമാനം എന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന നിരാശാജനകമാണ്. 2000 വര്‍ഷങ്ങളായി അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ ചരിത്രമാണ് ഇന്ത്യക്കുള്ളത്. 1893ലെ ലോകമത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ വേട്ടയാടപ്പെടുന്നവരുടെ അഭയകേന്ദ്രമെന്നാണ് ഇന്ത്യയെ വിശേഷിപ്പിച്ചത്.”
അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള നീക്കം അന്താരാഷ്ട്രനയത്തിനു വിപരീതമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ നിന്നുള്ള തമിഴര്‍ക്കും, ടിബറ്റന്‍സിനും ആഭ്യന്തര കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ നേപ്പാളികള്‍, ബംഗ്ലേദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിയ ചക്മകള്‍ എന്നിങ്ങനെ പല തരത്തിലുള്ള അഭയാര്‍ഥികള്‍ക്കും നിയമത്തിന്റെ ഉള്ളില്‍ നിന്ന് ഭാഗികമായോ പൂര്‍ണമോയോ ഇന്ത്യ അഭയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്ങനെയിരിക്കെ ഇപ്പോള്‍ മാത്രം ഇങ്ങനെ ഒരു നയം സ്വീകരിക്കുന്നതിന് പിന്നില്‍ റോഹിങ്ക്യകള്‍ പൂര്‍ണമായും മുസ്‌ലിംങ്ങളാണ് എന്നുള്ള ഒറ്റ കാരണമേയൊള്ളൂവെന്നും അദ്ദേഹം പറയുന്നു. ഇസ്‌ലാമിക തീവ്രവാദത്തെ എതിര്‍ക്കുകയും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പാശ്ചാത്യരാജ്യങ്ങള്‍ പോലും സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ അതിഥികളെ ദൈവത്തെ പോലെ പരിഗണിക്കുന്ന സംസ്‌കാരത്തിന്റെ ഭാഗമായ നമ്മള്‍ അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുകയാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹത്യയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ റോഹിങ്ക്യകള്‍ ഭൂപടത്തില്‍ നിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.