ഗോഡ്‌സെയെക്കാള്‍ ഗാന്ധിയുടെ ഇന്ത്യ വിജയിക്കുമെന്നതില്‍ സംശയമില്ല; ട്വിറ്ററിലെ ഗോഡ്‌സെ സിന്ദാബാദ് ട്രെന്റിനെതിരെ ശശി തരൂര്‍
national news
ഗോഡ്‌സെയെക്കാള്‍ ഗാന്ധിയുടെ ഇന്ത്യ വിജയിക്കുമെന്നതില്‍ സംശയമില്ല; ട്വിറ്ററിലെ ഗോഡ്‌സെ സിന്ദാബാദ് ട്രെന്റിനെതിരെ ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd October 2020, 2:59 pm

ന്യൂദല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ നാഥുറാം ഗോഡ്‌സെ സിന്ദാബാദ് ട്വിറ്ററില്‍ ട്രെന്റിംഗ് ആക്കിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.

ആരാണ് ഈ ട്രെന്റ് പ്രവര്‍ത്തനക്ഷമമാക്കിയതെന്നും കപടമായി മുഖം മറച്ചുവെച്ചതെന്നും നമ്മള്‍ക്കറിയാം. ഗോഡ്‌സെയെക്കാള്‍ ഗാന്ധിയുടെ ഇന്ത്യ വിജയിക്കുമെന്നതില്‍ എനിക്ക് സംശയമില്ല എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

പുതിയ ഇന്ത്യയുടെ മുഖമാണിതെന്നാണ് എഴുത്തുകാരിയായ സാഭ നഖ്‌വിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

രാവിലെ ഗാന്ധിജയന്തി ദിനത്തില്‍ എഴുന്നേറ്റപ്പോള്‍ ട്വിറ്ററില്‍  നാഥുറാം ഗോഡ്‌സെ സിന്ദാബാദ് മുകളില്‍ ട്രെന്റായിരിക്കുന്നു. പുതിയ ഇന്ത്യയുടെ ഒരു മുഖം എന്നാണ് സാഭ നഖ്‌വി ട്വീറ്റ് ചെയ്തത്.

Saffron Shades: From Vajpayee to Modi (2018) , The Politics of Jugaad: The Alliance Handbook (March 2019) തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് സഭ നഖ്‌വി.

‘നാഥുറാം ഗോഡ്‌സെ സിന്ദാബാദ്’ എന്ന ഹാഷ് ടാഗ് ആണ് ഇന്ന് ട്വിറ്ററില്‍ ട്രെന്റ് ആയത്. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നാണ് ഗാന്ധിക്കെതിരായും ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്ക് സിന്ദാബാദ് വിളിച്ചും ട്വീറ്റുകള്‍ വന്നിരിക്കുന്നത്.

ബി.ജെ.പി നേതാവും ദല്‍ഹി കലാപാത്തില്‍ ആരോപണവിധേയനുമായ കപില്‍ മിശ്ര അടക്കമുള്ളവര്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകളാണ് നാഥുറാം ഗോഡ് സെ എന്ന ഹാഷ് ടാഗ് ട്രെന്റ് ആക്കിയിരിക്കുന്നത്.

നേരത്തെ ഗോഡ്‌സെ ദേശഭക്തനാണെന്ന് ലോക്‌സഭയില്‍ ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ടാക്കൂര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സഭാ രേഖകളില്‍ നിന്ന് പ്രജ്ഞയുടെ പരാമര്‍ശം നീക്കം ചെയ്തിരുന്നു.

നേരത്തെയും ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രജ്ഞ രംഗത്തെത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനഃപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.

ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞ.

അന്ന് ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രജ്ഞയെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും മോദിക്ക് പറയേണ്ടിവന്നു.

1948ല്‍ ജനുവരി 30നാണ് ബിര്‍ള ഹൗസില്‍ ഹിന്ദു വലതുപക്ഷ തീവ്രവാദിയായ നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്.

Content Highlights: Nathuram Godse Zindabad tweeted trends on Gandhi Jayanti Day Sashi tharoor Mp against trends