ന്യൂദല്‍ഹി: എ.ഐ.സി.സിക്ക് പുതിയ നേതൃത്വം ഉടന്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മാറ്റം കോണ്‍ഗ്രസിന് പുതിയ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ സന്നദ്ധത പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പുതിയ നേതൃത്വം ചുമതലയേല്‍ക്കാന്‍ ഒട്ടും വൈകരുത് എന്നായിരുന്നു തരൂര്‍ ആവശ്യപ്പെട്ടത്.
മുന്‍പും ഇതേ ആവശ്യം ഉന്നയിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ഉറച്ച നേതൃത്വം വേണമെന്ന ആവശ്യവുമായി മുന്‍പ് സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍(ജി23) ശശി തരൂരും ഉള്‍പ്പെട്ടിരുന്നു.
പാര്‍ട്ടിക്ക് നായകനില്ല എന്ന വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസിന് ഒരു പുതിയ മുഴുവന്‍ സമയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട് എന്നായിരുന്നു ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണം എന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപെടുമ്പോള്‍ മറ്റൊരു വിഭാഗം പ്രിയങ്കാ ഗാന്ധി അധ്യക്ഷ പദം ഏറ്റെടുക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് പട്ടികജാതി വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ എക്സിക്യുട്ടീവ് യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്, ദല്‍ഹി മഹിള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യൂ.ഐ എന്നിവര്‍ മുന്‍പേ പ്രമേയം പാസ്സാക്കിയിരുന്നു.