ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന്റെ സെലക്ഷനുമായി ബന്ധപ്പെട്ടാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം വാക്‌പോരിലേര്‍പ്പെടുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി മോശം ഫോമില്‍ തുടരുന്ന രാഹുലിനെതിരെ മുന്‍ താരം വെങ്കിടേഷ് പ്രസാദ് പരസ്യമായി രംഗത്ത് വന്നതും, രാഹുലിനെ പിന്തുണച്ച് ആകാശ് ചോപ്രയെപ്പോലുള്ളവര്‍ വന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഈ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ പുതിയ ചര്‍ച്ചക്ക് വഴിമരുന്നിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ ശശി തരൂര്‍. കഴിവുണ്ടായിട്ടും സഞ്ജു സാംസണെ പോലുള്ള താരങ്ങളെ ഒഴിവാക്കുന്നതിനെ കുറിച്ചാണ് ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ശേഖര്‍ ഗുപ്ത എന്നയാളുടെ ട്വീറ്റിന് റിപ്ലേയുമായാണ് തരൂര്‍ എത്തിയത്. കെ.എല്‍. രാഹുല്‍ സ്ഥിരമായി പരാജയപ്പെടുമ്പോഴും അവന് ടീമില്‍ സ്ഥാനം ലഭിക്കുന്നതും ശുഭ്മന്‍ ഗില്ലിനെ പോലുള്ള താരങ്ങള്‍ ടീമിന് പുറത്താകുന്നതുമായിരുന്നു ശേഖര്‍ ഗുപ്തയുടെ ട്വീറ്റിന്റെ ഉള്ളടക്കം.
And what about @IamSanjuSamson ? Averaging 76 in ODIs and yet again omitted from the ODI squad against Australia. It’s all very well to give non-performers a long rope but surely not at the expense of talented performers? https://t.co/tg56JJMTue
ഇതിന് മറുപടിയായി, ‘അപ്പോള്‍ സഞ്ജു സാംസണിന്റെ കാര്യമോ? ഏകദിനത്തില്‍ 76 എന്ന ശരാശരിയുണ്ടായിട്ടും അവന്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടു.
മികച്ച രീതിയില്‍ കളിക്കാത്തവര്‍ക്ക് നല്‍കുന്നത് തെറ്റല്ല, എന്നാല്‍ മികച്ച ടാലന്റുള്ളവരെ പുറത്താക്കിക്കൊണ്ടാകരുത്,’ എന്നായിരുന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
നിരവധി കമന്റുകളും റീ ട്വീറ്റുകളും തരൂരിന്റെ ട്വീറ്റിന് ലഭിക്കുന്നുണ്ട്.
ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചതുമുതല്‍ക്കുതന്നെ ബി.സി.സി.ഐക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിച്ച രണ്ട് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപനവും ആരാധകര്‍ക്കിടയില്‍ കല്ലുകടിയുണ്ടാക്കിയിരുന്നു.