നിര്‍മ്മല സീതാരാമനെ കണക്കുപഠിപ്പിച്ച് മഹുവ മൊയ്ത്ര; അഭിനന്ദിച്ച് ശശി തരൂര്‍, പരിഗണിക്കണമെന്ന് മന്ത്രിയോട് ആവശ്യം
national news
നിര്‍മ്മല സീതാരാമനെ കണക്കുപഠിപ്പിച്ച് മഹുവ മൊയ്ത്ര; അഭിനന്ദിച്ച് ശശി തരൂര്‍, പരിഗണിക്കണമെന്ന് മന്ത്രിയോട് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th April 2020, 7:57 pm

ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപനത്തെ തടയുന്നതിന് വേണ്ടി രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ഭൂരിപക്ഷം പേരും വീടുകളിലാണ്. ഭൂരിപക്ഷം വ്യവസായങ്ങളും അടച്ചിരിക്കുകയാണ്. ലോക്ഡൗണിനാല്‍ ദുരിതത്തിലായി പോയ മനുഷ്യരുണ്ട്. അവരാണ് അധികം. ഈ സാഹചര്യത്തില്‍ ഈ മനുഷ്യരെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കേണ്ടതുണ്ട് എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതേ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മഹുവ മൊയ്ത്ര എം.പി. മാത്രമല്ല എങ്ങനെ സഹായിക്കാനുള്ള പണം കണ്ടെത്താമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ ഉപദേശിക്കുകയും ചെയ്തു. ഇ.എസ്.ഐ, പി.എഫ്, ബി.ഒ.സി.ഡബ്ലു സെസ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള പണം ഉപയോഗിച്ചാല്‍ 5 കോടി കുടുംബങ്ങളെ സഹായിക്കാമെന്നാണ് മഹുവ മൊയ്ത്രയുടെ ഉപദേശം.

ഇ.എസ്.ഐയില്‍ 75000 കോടി രൂപയില്‍ അധികമുണ്ട്, പി.എഫില്‍ ആരും അവകാശമുന്നയിക്കാത്ത 40000 കോടി രൂപയില്‍ അധികമുണ്ട്, ബി.ഒ.സി.ഡബ്ലു സെസ്സില്‍ 35000 കോടി രൂപയില്‍ അധികമുണ്ട്. ഇവയെല്ലാം കൂട്ടിയാല്‍ 150000 കോടി രൂപയാവും. ഈ തുകയുണ്ടെങ്കില്‍ 5 കോടി കുടുംബങ്ങള്‍ക്ക് മാസം 7500 രൂപ വച്ച് 3 മാസം നല്‍കാം എന്നാണ് മഹുവ നിര്‍ദേശിച്ചത്.

ഈ നിര്‍ദേശം ഇഷ്ടപ്പെട്ട ശശി തരൂര്‍ എം.പി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ ട്വിറ്ററില്‍ മെന്‍ഷന്‍ ചെയ്ത് പരിഗണിക്കാവുന്ന നിര്‍ദേശമാണിതെന്ന് പറയുകയും ചെയ്തു. മഹുവ മൊയ്ത്രയെ ശശി തരൂര്‍ അഭിനന്ദിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ