കോഴിക്കോട്: കേന്ദ്ര എജന്‍സികളെ പേടിച്ച് നടത്തുന്ന മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന് അനുയോജ്യമല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ശശി കുമാര്‍.
മാധ്യമങ്ങള്‍ വലതുപക്ഷ അനുകൂല വാര്‍ത്തകള്‍ നല്‍കുകയും, സംഘപരിവാര്‍ വിരുദ്ധമായ വാര്‍ത്തകള്‍ മൂടിവെക്കുകയാണെന്ന വിമര്‍ശനമുണ്ടല്ലോ എന്ന ഡൂള്‍ന്യൂസ് പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് അദ്ദേഹം മാധ്യമങ്ങളുടെ വലതുപക്ഷ ചായ് വിനെ കുറിച്ച് സംസാരിച്ചത്.
അധികാരത്തിലിരിക്കുന്നവരുടെ പ്രതിപക്ഷത്തായിരിക്കണം തങ്ങളുടെ സ്ഥാനമെന്ന് മറന്ന മാധ്യമങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രൊപഗണ്ട ആയുധങ്ങളായി മാറിയെന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ശശി കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘എന്‍.ഡി.ടിവിയുടെ ഉദാഹരണമെടുത്താല്‍ തന്നെ, അവര്‍ ഭരണകൂടത്തിന് എതിരായിരുന്നില്ല, അനുകൂലവുമായിരുന്നില്ല. ഏകദേശം വസ്തുതാപരമായി പ്രവര്‍ത്തിക്കാനാണ് ശ്രമിച്ചത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ നിര്‍വചനം തന്നെ അധികാരത്തിലിരിക്കുന്നവരുടെ പ്രതിപക്ഷത്ത് നില്‍ക്കുക എന്നതാണ്.
സര്‍ക്കാരിന് വേണ്ടി പ്രചാരണം നടത്താന്‍ പി.ആര്‍.ഡി ഡിപ്പാര്‍ട്ടമെന്റുകളും പരസ്യങ്ങള്‍ക്കുള്ള വമ്പന്‍ തുകയുമെല്ലാമുണ്ട്. മാധ്യമങ്ങളും അതുതന്നെ ചെയ്യേണ്ടതില്ലല്ലോ.
ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് മാധ്യമങ്ങള്‍ കടന്നുപോകുന്നത്. നിസഹായതകൊണ്ടോ അല്ലെങ്കില്‍ ബോധ്യങ്ങളുടെ പുറത്തോ അവര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രൊപഗണ്ട ആയുധമായി മാറിയിരിക്കുകയാണ്.
ഒരാള്‍ വലതുപക്ഷത്തിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷെ, നിസഹായത കൊണ്ടോ, എന്റെ വാതിലിന് പുറത്തുള്ള സി.ബി.ഐയും ഇ.ഡിയും ഐ.ബിയും കേട്ടാലോ പേടിയോ കൊണ്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്നത് ജനാധിപത്യത്തിന് അനുയോജ്യമായ മാധ്യമപ്രവര്‍ത്തനമല്ല,’ ശശി കുമാര്‍ ഡൂള്‍ന്യൂസ് അഭിമുഖത്തില്‍ പറഞ്ഞു.
ദൂരദര്‍ശനില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ താന്‍ സ്വകാര്യ ചാനല്‍ ആരംഭിക്കുന്നത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ തുടക്കം ദൂരദര്‍ശനിലായിരുന്നു. കോണ്‍ഗ്രസായിരുന്നു അന്ന് അധികാരത്തിലുണ്ടായിരുന്നത്. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗമായാണ് ദൂരദര്‍ശനെ കണ്ടിരുന്നത്. കാരണം, സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ദൂരദര്‍ശന്‍ മാത്രമേ അന്ന് വാര്‍ത്താമാധ്യമമായി ഉണ്ടായിരുന്നുള്ളു.
ഞാന്‍ അവിടെ നിന്നും മാറാനും കാരണമതായിരുന്നു. പിന്നീടാണ് സ്വകാര്യ, സ്വതന്ത്ര മാധ്യമങ്ങള്‍ വരുന്നത്. സ്വതന്ത്രമായി വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു ആ മാധ്യമങ്ങളുടെ ലക്ഷ്യം,’ ശശി കുമാര്‍ പറഞ്ഞു.
Content Highlight: Sashi Kumar about media being the propaganda arm of BJP