| Saturday, 23rd May 2015, 9:10 am

മലബാര്‍ സിമന്റ്‌സ് അഴിമതി: സി.പി.ഐ.എം നിലപാട് വേദനാജനകമെന്ന് ശശീന്ദ്രന്റെ ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതികള്‍ സംബന്ധിച്ച് സൂര്യനാരായണന്റേയും സുന്ദരമൂര്‍ത്തിയുടേയും മൊഴികളെ സി.പി.ഐ.എം നേതൃത്വം തെറ്റായി വ്യാഖ്യാനിക്കുന്നത് വേദനാജനകമാണെന്ന് ശശീന്ദ്രന്റെ കുടുംബം. അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തെ അട്ടിമറിക്കാനേ സി.പി.ഐ.എം വാദഗതികള്‍ സഹായിക്കൂവെന്നും അവര്‍ കുറ്റപ്പെടുത്തി.

മലബാര്‍ സിമന്റ്‌സിലെ അഴിമതിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന മൊഴികളെന്നും ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി സനല്‍കുമാര്‍ അഭിപ്രായപ്പെട്ടു. മലബാര്‍ സിമന്റ് അഴിമതിക്കേസ് സി.ബി.ഐയ്ക്കു വിടണമെന്നതു സംബന്ധിച്ച് സി.പി.ഐ.എം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലബാര്‍ സിമന്റ് അഴിമതിയുമായി ബന്ധപ്പെട്ട് മാപ്പുസാക്ഷിയായ സുന്ദരമൂര്‍ത്തിയുടെ മൊഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അഴിമതിയില്‍ മുന്‍ വ്യവസായമന്ത്രി എളമരം കരീമിനു പങ്കുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു മൊഴി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു വന്നതിനു പിന്നാലെ സുന്ദരമൂര്‍ത്തിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയുള്ളതാണെന്നും അതിനു വിശ്വാസ്യതയില്ലെന്നും പറഞ്ഞ് സി.പി.ഐ.എം രംഗത്തെത്തുകയായിരുന്നു.

ശശീന്ദ്രന്റേയും കുട്ടികളുടേയും ദുരൂഹ മരണത്തോടൊപ്പം മലബാര്‍ സിമന്റ്‌സ് അഴിമതിയും സിബിഐക്ക് വിടണമെന്ന ആവശ്യം ക്യാബിനറ്റില്‍ അട്ടിമറിച്ചത് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യവസായ വകുപ്പുമന്ത്രി എളമരം കരീമുമാണെന്ന് എല്‍.ഡി.എഫ് ഭരണകാലത്തു തന്നെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശശീന്ദ്രന്റെയും കുട്ടികളുടെയും മരണത്തിനുശേഷം നടന്ന പല സംഭവങ്ങളും അന്നത്തെ ആഭ്യന്തര മന്ത്രാലയത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. മൂന്ന് മരണം നടന്നാല്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന നിയമം മറികടന്ന് വി.എം. രാധാകൃഷ്ണന്റെ പാലക്കാട്ടെ വീടിനു സമീപമുള്ള ഡോക്ടറെക്കൊണ്ടാണ് പോസ്റ്റുമോര്‍ട്ടം നടത്തിച്ചത്. ഇത് ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ശശീന്ദ്രന്റെ മരണവും മലബാര്‍ സിമന്റ്‌സ് അഴിമതിയും സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നു തന്നെ രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സിലില്‍ നിന്ന് സ്ഥലം എം.എല്‍.എ കെ. ചെന്താമരാക്ഷനേയും സി.പി.ഐ.എം പ്രാദേശിക നേതാക്കളേയും ജില്ലാ നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചതിലും ദുരൂഹതയുണ്ട്.

ആക്ഷന്‍ കൗണ്‍സിലില്‍ എം.ആര്‍. മുരളിയുടെ സാന്നിധ്യമുള്ളതുകൊണ്ടാണ് സി.പി.ഐ.എം നേതാക്കള്‍ വിട്ടുനിന്നതെന്നാണ് പാര്‍ട്ടി നല്‍കിയ വിശദീകരണം. എന്നാല്‍ ഇതേ മുരളിയെ പിന്നീട് സി.പി.ഐ.എമ്മിലേക്ക് തിരിച്ചെടുക്കുകയാണുണ്ടായത്. ഇത് വിവാദ വ്യവസായ വി.എം രാധാകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

ജീവനക്കാരന്‍ ബസിടിച്ച് മരിച്ച സംഭവത്തില്‍ ബസുടമക്ക് രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് ആരോപണം

മലബാര്‍ സിമന്റ്‌സ് ജീവനക്കാരന്‍ സതീന്ദ്രകുമാറിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടുന്നതായി ഭാര്യ ലക്ഷ്മിഭായി. ശശീന്ദ്രന്‍ കേസിലെ മാപ്പുസാക്ഷി സൂര്യനാരായണനും വി.എം രാധാകൃഷ്ണനും ചേര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും ഇതിനെതിരെ പരാതി നല്‍കിയ തനിക്ക് വധഭീഷണി നേരിടേണ്ടി വന്നെന്നും അവര്‍ വ്യക്തമാക്കി.

2013 ഫെബ്രുവരി 17ന് സതീന്ദ്രകുമാര്‍ കോയമ്പത്തൂര്‍ ഉക്കടം ബസ് സ്റ്റാന്റില്‍ ബസിടിച്ചു മരിക്കുകയായിരുന്നു. ഒരു കാരണവശാലം ഉക്കടത്ത് വരേണ്ടതില്ലാത്ത ബസാണ് രാത്രിയില്‍ വിജനമായ ബസ് സ്റ്റാന്റിലേക്കു വന്നതും സതീന്ദ്രകുമാറിനെ ഇടിച്ചതും. ഈ ബസിന്റെ ഉടമയ്ക്ക് വി.എം രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് ശശീന്ദ്രന്‍ കേസിലെ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ബാലമുരളി ആരോപിച്ചു.

മലബാര്‍ സിമന്റ്‌സ് എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്നു സൂര്യനാരായണന്റെ സഹോദരനാണ് സതീന്ദ്രകുമാര്‍. സൂര്യനാരായണനും വി.എം രാധാകൃഷ്ണനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ഇയാള്‍ക്ക് അറിയാമായിരുന്നു.

കൂടുതല്‍ വായനയ്ക്ക്

മ­ല­ബാര്‍ സി­മന്റ്‌­സ്: ഒ­രു ഉ­ദ്യോ­ഗസ്ഥ­നെ വേ­ട്ട­യാടി­യ വിധം (8.3.2011)

മരിക്കുന്നതിന് മുമ്പ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കയച്ച രണ്ട് കത്തുകള്‍ (11.2.2011)

Latest Stories

We use cookies to give you the best possible experience. Learn more