ശശീന്ദ്രന്റെ മരണം കുടുംബ പ്രശ്‌നങ്ങള്‍ മൂലമല്ലെന്ന് സി.ബി.ഐ
Kerala
ശശീന്ദ്രന്റെ മരണം കുടുംബ പ്രശ്‌നങ്ങള്‍ മൂലമല്ലെന്ന് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2013, 12:32 pm

കൊച്ചി: മലബാര്‍ സിമന്റസ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ മരണം കുടുംബ പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യയല്ലെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു. []

ശശീന്ദ്രന്റെ മരണം കൊലപാതകമാണോയെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചു. വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് സിബിഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശശീന്ദ്രന്റെയും മക്കളുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ വിഎം രാധാകൃഷ്ണന് ജാമ്യം അനുവദിക്കരുതെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ അറസ്റ്റിലായ രാധാകൃഷ്ണന്‍ റിമാന്‍ഡിലാണ്. കൂട്ട ആത്മഹത്യവുമായി മരണവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന് പങ്കുണെ്ടന്നു കാട്ടി ശശീന്ദ്രന്റെ ഭാര്യയും പിതാവും നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

അന്വേഷണം മുന്നോട്ടുപോകുന്ന ഈ ഘട്ടത്തില്‍ രാധാകൃഷ്ണന് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

രാഷ്ട്രീയ രംഗത്തെ ഉന്നതരുമായി അടുത്ത ബന്ധമുള്ളയാളാണ് രാധാകൃഷ്ണന്‍. ഇതിനിടയില്‍ പലരെയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും സ്വന്തം വരുതിയിലാക്കാന്‍ രാധാകൃഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുകാരണവശാലും രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്.

അതീവ രഹസ്യ സ്വഭാവമുള്ള വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ രാധാകൃഷ്ണന്റെ വീട്ടില്‍ നിന്ന് സിബിഐ കണ്ടെടുത്തിരുന്നു. ഇത് എങ്ങനെ ലഭിച്ചുവെന്നും സിബിഐ അന്വേഷിക്കുകയാണ്. മുപ്പതോളം രേഖകളാണ് രാധാകൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.