ബുള്ളറ്റോടിച്ച് വോട്ട് പിടിച്ച് ജയിച്ച ശാരുതി ഇനി ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട്
Kerala Local Body Election 2020
ബുള്ളറ്റോടിച്ച് വോട്ട് പിടിച്ച് ജയിച്ച ശാരുതി ഇനി ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2020, 7:11 pm

കോഴിക്കോട്: ബുള്ളറ്റ് ഓടിച്ച് വൈറലായ സ്ഥാനാര്‍ത്ഥി ശാരുതി പി ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ് ശാരുതി വിജയിച്ചത്.

എല്‍.എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശാരുതി. സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ശാരുതി. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായായിരുന്നു ശാരുതി മത്സരിച്ചത്.

ബൈക്കോടിക്കുന്ന ശാരുതിയുടെ പ്രചരണ പോസ്റ്റര്‍ കേരളത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു.

ബൈക്കോടിച്ചാണ് വനിതാസ്ഥാനാര്‍ത്ഥി വീടുകളില്‍ എത്തി വോട്ടുചോദിച്ചിരുന്നത്. പ്രളയസമയത്തും കൊവിഡ് 19 പിടിമുറുക്കിയ ഘട്ടങ്ങളിലും ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ശാരുതി നേതൃത്വം നല്‍കിയിരുന്നു.

നാട്ടിലെ റേഷന്‍കട നടത്തുന്നയാള്‍ക്ക് കൊവിഡ് വന്നപ്പോള്‍ ശാരുതിയാണ് റേഷന്‍കട നടത്തിയിരുന്നത്.

നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21-കാരിയായ ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിച്ചിരുന്നു. മുടവന്‍മുകള്‍ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍.

ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

നഗരത്തില്‍ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. നേരത്തെ വി.കെ പ്രശാന്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്.

അത്തരമൊരു പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ പറഞ്ഞു. ബി.എസ്.സി മാത്ത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: : Saruthi P Olavanna Panchayath President CPIM