സ്ഥാനാര്‍ത്ഥിയാക്കിയില്ല, ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രി സര്‍താജ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
national news
സ്ഥാനാര്‍ത്ഥിയാക്കിയില്ല, ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രി സര്‍താജ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 8:46 pm

ഭോപ്പാല്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സര്‍താജ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. താന്‍ നിലവില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നിരാശനായാണ് സര്‍താജ് ബി.ജെ.പി വിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

1998ലെ വാജ്പേയി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു സര്‍താജ് സിങ്. സംസ്ഥാന മന്ത്രിസഭയിലും നിരവധി തവണ അംഗമായിരുന്നു. ബി.ജെ.പി 75 വയസിന്റെ പ്രയപരിധി മാനദണ്ഡം നിശ്ചയിച്ചതിനെ തുടര്‍ന്ന് 2016ല്‍ സര്‍താജ് സിങിന് മധ്യപ്രദേശ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നിരുന്നു. സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സര്‍താജ്. 1998 കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന അര്‍ജുന്‍ സിങ്ങിനെ അട്ടിമറിച്ചാണ് ലോക്‌സഭയിലെത്തിയത്.


അതേസമയം, ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച് ഡി ദേവഗൗഡയുമായി കൂടികാഴ്ച നടത്തി. ബെംഗളൂരുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2019ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്.

ബി.ജെ.പിക്കെതിരായ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടിയും കോണ്‍ഗ്രസും ഇതിനുശേഷം തീരുമാനിച്ചിരുന്നു.