പാ രഞ്ജിത്ത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ റിലീസ് ചെയ്തതോടെ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നാണ് വേമ്പുലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോണ്‍ കൊക്കന്റേത്.
എന്നാല്‍ മലയാളിയായ തനിക്ക് മലയാള സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതുകൊണ്ട് ഇനി അവസരങ്ങള്‍ വരുമ്പോള്‍ ചെയ്യാന്‍ പേടിയാണെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ പറഞ്ഞു.
ശിക്കാര്‍ എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതും ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കാശ് കിട്ടാത്തതുമായ അനുഭവങ്ങള്‍ മലയാളത്തില്‍ നിന്ന് ഉണ്ടായതായി നടന്‍ പറയുന്നു.
‘ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കാശ് പോലും കിട്ടിയിട്ടില്ല. ഞാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കാറില്ല. ഈ പ്രതിഫലം ചോദിക്കാനായി പോകുമ്പോള്‍ ‘അവന്‍ പ്രശ്നക്കാരനാണ്’ എന്ന് പറയാന്‍ തുടങ്ങും. അത്തരത്തില്‍ അപവാദങ്ങള്‍ ഒരു വശത്തുണ്ടാകും,’ ജോണ്‍ കൊക്കന്‍ പറഞ്ഞു.
ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് ശിക്കാര്‍ എന്ന സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതെന്നും അഭിമുഖത്തില്‍ ജോണ്‍ പറഞ്ഞു. ‘ശിക്കാര്‍ എന്ന ചിത്രത്തില്‍ ഒരു നല്ല കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആരൊക്കയോ കളിച്ച് എന്റെ കഥാപാത്രത്തെ ഒതുക്കി. 12-15 ദിവസത്തിനുവേണ്ടിയായിരുന്നു കരാറില്‍ ഒപ്പുവെച്ചത്.
പക്ഷെ രണ്ട് ദിവസത്തിനുള്ളില്‍ എന്റെ ഭാഗത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്ന് പറഞ്ഞു. ബാക്കി ചെയ്തില്ല. പിന്നീട് ആ സിനിമയുടെ ആരും എന്നെ വിളിക്കുകയോ അറിയിക്കുകയോ ചെയ്തില്ല. എനിക്ക് പറഞ്ഞ റോളും കിട്ടിയില്ല, കാശും കിട്ടിയില്ല,’ ജോണ്‍ കൊക്കന്‍ പറഞ്ഞു.
ഇത്തരം അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ് മലയാളത്തിലേക്ക് വരാന്‍ പേടിയെന്നും എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ചെയ്യുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.