| Saturday, 24th July 2021, 9:32 am

അതൊന്നും റിഹേഴ്‌സ് ചെയ്തതല്ല, ബോക്‌സിംഗ് റിങ്ങിലെ ഡാന്‍സ് സ്റ്റെപ്പുകള്‍ ഷൂട്ടിംഗ് സമയത്ത് സംഭവിച്ചത്; 'ഡാന്‍സിങ്ങ് റോസ്' ഷബീര്‍ കല്ലറയ്ക്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാ. രഞ്ജിത്ത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈയുടെ റിലീസിന് പിന്നാലെ ചിത്രത്തിലെ ഡാന്‍സിങ്ങ് റോസ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തില്‍ ഏറ്റവും വ്യത്യസ്തമായ രീതിയില്‍ ബോക്‌സിംഗ് ചെയ്യുന്ന, റിങ്ങിനുള്ളില്‍ ഡാന്‍സ് ചെയ്തുകൊണ്ട് എതിരാളിയെ ഇടിച്ചിടുന്ന റോസ് എന്ന കഥാപാത്രം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

തമിഴ് നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ഷബീര്‍ കല്ലറക്കലാണ് ചിത്രത്തില്‍ ഡാന്‍സിങ്ങ് റോസായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഇപ്പോള്‍ കഥപാത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും ചര്‍ച്ചയായ ബോക്‌സിംഗ് സീനിനെ കുറിച്ചും സംസാരിക്കുകയാണ് ഷബീര്‍. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡാന്‍സിംഗ് റോസും കബിലനും തമ്മിലുള്ള മാച്ച് ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഒരിക്കല്‍ പോലും താന്‍ വിശ്രമിക്കാനായി ഇരുന്നിട്ടില്ലെന്ന് ഷബീര്‍ പറയുന്നു. ഷൂട്ടിന്റെ സമയത്താണ് ആ ഡാന്‍സിംഗ് ചുവടുകളെല്ലാം സംഭവിച്ചതെന്നും അതിനുവേണ്ടി ഒരു റിഹേഴ്‌സലും നടത്തിയിട്ടില്ലായിരുന്നെന്നും നടന്‍ പറഞ്ഞു.

‘റിങ്ങില്‍ നിങ്ങള്ഡ കാണുന്നതൊക്കെ ആ ഷൂട്ടിന്റെ സമയത്ത് സംഭവിച്ചതാണ്. അതൊന്നും റിഹേഴ്‌സല്‍ ചെയ്തിരുന്നില്ല. അതായത്, സിനിമക്ക് വേണ്ടി ബോക്‌സിംഗ് പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ സ്റ്റൈല്‍ റിഹേഴ്‌സ് ചെയ്തിരുന്നില്ല.

ഞാന്‍ ഡാന്‍സിംഗ് റോസാകണം എന്ന് എനിക്കറിയാമായിരുന്നു. ആ തോന്നലിന്റെ പുറത്ത് ചെയ്തതാണ്, അത് വര്‍ക്കായി. ഞാനൊരിക്കല്‍ കൂടി ചെയ്താല്‍ അതുപോലെ തന്നെ വരണമെന്നില്ല. ഡാന്‍സിംഗ് റോസിന്റെ മറ്റൊരു വേര്‍ഷനായിരിക്കാം വരുന്നത്.

ഡാന്‍സിംഗ് റോസ് എന്ന ആ കഥാപാത്രം ആത്മവിശ്വാസം നിറഞ്ഞുനില്‍ക്കുന്നയാളാണ്. അദ്ദേഹത്തെ ആരും ഇതുവരെ തോല്‍പ്പിച്ചിട്ടില്ല, ഇപ്പോള്‍ റിട്ടയര്‍ ചെയ്ത ശേഷം ആ സ്‌പേസില്‍ തുടരുകയാണ്. അയാള്‍ തിരിച്ചുവരുന്നത് ഒരു രസത്തിന് വേണ്ടി മാത്രമാണ്. കഥാപാത്രത്തിന്റെ ഈയൊരു സ്വഭാവമാണ് അദ്ദേഹത്തിന്റെ ശരീരത്തിലും കാണാനാകുന്നത്,’ ഷബീര്‍ പറയുന്നു.

കാലടി കുത്തു വരാസൈ, കിക്ക് ബോക്‌സിംഗ്, മുവാ തായ് എന്നീ ആയോധന കലകള്‍ നേരത്തെ തന്നെ അഭ്യസിച്ചിരുന്ന ഷബീര്‍ ചിത്രത്തിന് വേണ്ടിയാണ് ബോക്‌സിംഗ് പഠിക്കുന്നത്. തിരു മാസ്റ്റര്‍ എന്ന ബോക്‌സിംഗ് താരമാണ് എല്ലാ നടന്മാര്‍ക്കും ട്രെയ്‌നിംഗ് നല്‍കിയിരിക്കുന്നതെന്നും താനായിരുന്നു ഏറ്റവും അവസാനം സിനിമിയിലേക്കെത്തിയതെന്നും ഷബീര്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സര്‍പാട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sarpatta Parambarai actor Shabeer Kallarakkal about Dancing Rose character

We use cookies to give you the best possible experience. Learn more