എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്
കോഴിക്കോട് എന്തുണ്ട് കാണാന്‍. തിന്നാന്‍ കോഴിക്കോടന്‍ ഹല്വ്വയുണ്ട് വറുത്തകായയുണ്ട് കോഴിബിരിയാണിയുമുണ്ട്. എന്നാല്‍ നഗരത്തില്‍ ഒരു മാനാഞ്ചിറയല്ലാതെ കാണാന്‍ എന്താണുളളത്. തെക്കുനിന്നുവന്ന എന്റെ ഒരു സുഹൃത്താണ് ഇങ്ങനെചോദിച്ചത്. ഒന്ന് സ്വസ്ഥമായി പ്രണയിക്കാന്‍പോലും പറ്റാത്ത നഗരം.
എന്നാല്‍ അത്തരം ആരോപണങ്ങളൊക്കെ ഇന്ന് മാറിയിരിക്കുന്നു. നഗരത്തിന്റെ വീര്‍പ്പില്‍ നിന്ന് മുട്ടലൊഴിവാക്കാനും സ്വസ്ഥമായി കുശലം പറയാനും പ്രണയിക്കാനും പറ്റിയ ഒരിടം. അതാണ് പുതുതായി ഉത്ഘാടനം ചെയ്യപ്പെട്ട സരോവരം ബയോപാര്‍ക്ക്. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷമായെങ്കിലും കോഴിക്കോട്ടുകാരെ സംബന്ധിച്ച് സരോവരം ഇന്നും പുതിയ പാര്ക്കുതന്നെയാണ്.
നഗരത്തിന്റെ അഴുക്കുകൂനയായി മാറാനിടയുണ്ടായിരുന്ന 200 ഏക്കര്‍ സ്ഥലമാണ് കണ്ടല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. സുന്ദരമായ നടപ്പാതയും നിഗൂഢമായ കണ്ടല്‍വനങ്ങളുടെ ഇരുട്ടും ഇടയ്ക്കിടെ ഇഴഞ്ഞുപോകുന്ന ചെറു പാമ്പുകളും പക്ഷികളും. നഗരത്തിന്റെ ശ്വാസകോശങ്ങളാണ് പാര്‍ക്കുകളെന്ന് എവിടെയോ പറഞ്ഞതോര്‍മ്മവന്നു. വീര്‍പ്പുമുട്ടുന്ന നഗരത്തിന് ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമാക്കുന്ന ഓക്സിജന്‍ ഫാക്ടറികാണ് എല്ലാ പാര്‍ക്കുകളും.
സരോവരം ബയോ പാര്‍ക്കിലേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്നത് ഒരു കൂറ്റന്‍ സ്വാഗത കമാനമാണ്. ചെങ്കല്ലില്‍ കൊത്തിയെടുത്ത ഭീമന് തൂണുകള്ക്കുളളില് സെക്ക്യൂരിറ്റിക്കാരുടെ മുറിയാണ്. ഒരു ചെങ്കല്‍ മുറി എന്നുവേണമെങ്കില്‍ പറയാം. കവാടം കടന്ന് അകത്തെത്തിയാല്‍ നീണ്ട നടവഴിയാണ്. എറണാകുളത്തെ മറൈന്‍ ഡ്രൈവിനെയാണ് ആ നടവഴികള്‍ അനുസ്മരിപ്പിച്ചത്.
സമാന്തരമായ രണ്ട് നടവഴികള്‍. ഒന്ന് പച്ച കറുത്തിരുണ്ട് കണ്ടല്‍ക്കാടിനെയും മറ്റേത് പ്രസിദ്ധമായ കനോലി കനാലിനെയും അതിരിടുന്നു. വഴിയമ്പലങ്ങള്‍ പോലെ നടവഴിയരികില്‍ ചെറിയ ചെങ്കല്‍ തൂണുകളോടുകൂടിയ വിശ്രമ കേന്ദ്രങ്ങളുണ്ട്. ഗ്രാനൈറ്റും മാര്‍ബിളും പാകിയ തറകളുടെ തണുപ്പില്‍ പ്രണയിനികള്‍ സങ്കടങ്ങള്‍ പറഞ്ഞിരിപ്പുണ്ട്. എല്ലാ പ്രണയിനികളുടെ മുഖത്തും വല്ലാത്ത സങ്കടമാണെന്ന് എനിക്കുതോന്നി. ജീവിത ഭാരത്തിന്റെ ചിന്തകളാകുമോ അത് എന്നറിയില്ല. വഴിനീളെ കണ്ട എല്ലാ പ്രണയിനികള്‍ക്കും ഒരേ ഭാവം.
ക്ഷമിക്കണം, പറഞ്ഞുവരുന്നത് പ്രണയത്തെക്കുറിച്ചല്ലല്ലോ. അല്ലെങ്കിലും പ്രണയിനികളെപറ്റിപറയാതെ ഏതെങ്കിലും പാര്ക്കിനെപറ്റിയുളള വിശേഷണം പൂര്‍ണ്ണമാകുമെന്ന് എനിക്കുതോനുന്നില്ല. ഇലപ്പച്ചകളുടെ ഇടയില്‍ അവര്‍ അവരുടെ സ്വപ്നങ്ങള്‍ പറയട്ടെ. സ്വസ്ഥമായി അല്പ്പനേരമിരുന്നോട്ടെ.
സമാന്തരമായ നടപ്പാതകളുട മധ്യത്തില്‍ ആമ്പല്പ്പൂക്കുളമാണ്. അതിനു കുറുകെ കടക്കാന്‍ നല്ല രസികന്‍ പാലവും പണിതിട്ടുണ്ട്. മുന്നോട്ടിനിയും നടന്നാല്‍ നമ്മള് കളിപ്പൊയ്കയിലെത്തും. ചെറിയ പെയ്കയില്‍ പെഡല്‍ ബോട്ടുകളും തുഴബോട്ടുകളുമുണ്ട്. കളിപ്പൊയ്കയുടെ ഏതാണ്ട് മധ്യഭാഗത്ത് തേക്കടി തടാകത്തിലെ ഉണങ്ങിയ മരക്കുറ്റികള്‍ പോലെ ഒരു ഉണങ്ങിയ കണ്ടല്‍ മരം. അതില്‍ നിറയെ നീര്‍ക്കാക്കയും കൊക്കുകളും.
നീര്‍ക്കാക്കകള്‍ ഒരുവട്ടം നീറ്റിലിറങ്ങിയാല്‍ ചിറകുകള് വിരിച്ച് ഈ മരത്തിന് മുകളില്‍ വന്നിരിക്കും. നനഞ്ഞൊട്ടിയ ചിറകുകള് കാറ്റിലുണക്കാനാണിങ്ങനെ നിവര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ചിലപ്പോള്‍ ചുണ്ടില്‍ ഏതെങ്കിലും പരല്‍ മത്സ്യങ്ങളുമുണ്ടാകും.
ഈ കണ്ടല്‍ കാടുകള്‍ പല പക്ഷികളുടെയും ആവാസകേന്ദ്രം കൂടെയാണ്. സുരക്ഷിതമായി മുട്ടയിടാനും വിരിയിക്കാനും കണ്ടല്‍കാടുകള്‍ ഇവര്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്.സുരക്ഷിതമായി മുട്ടയിടാന്‍ മത്സ്യങ്ങള്‍ കണ്ടല്‍ വേരുകളെ ആശ്രയിക്കാറുണ്ട്. ഇതുകൊണ്ടുതന്നെയാണ് കണ്ടല്‍ വനങ്ങള്‍ അതീവ പ്രാധാന്യമുളള ജൈവ വൈവിധ്യ കേന്ദ്രങ്ങളായി അറിയപ്പെടുവന്നത്.
വെറ്റ് ലാന്റുകളൊക്കെ വെയ്സ്റ്റ് ലാന്റുകളായിട്ടായിരുന്നു പലരും കണ്ടിരുന്നത്. എന്നാല്‍ സരോവരം, കണ്ടല്‍ പാര്ക്കായതോടെ അതിന്റെ ജൈവവൈവിധ്യത്തെ ഒരു പരിധിവരെ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് നഗര ഹൃദയത്തിലെ സംരക്ഷിത പച്ചതുരുത്താണ് സരോവരം ബയോ പാര്‍ക്ക്. ഒരു കാലത്ത് നഗരം വീര്‍പ്പുമുട്ടിച്ച കണ്ടല്‍കാടുകളിലെ നീര്ക്കാക്കകളും പക്ഷികളും ചിത്രശലഭങ്ങളും ചെറുമീനുകളും ഭൂമിയുടെ അവകാശികളായി ഇവിടെ സുരക്ഷിതമായി ജീവിക്കുന്നു.