ലാവ്‌ലിന്‍ കേസ്: ബാലാനന്ദന്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് സരോജിനി ബാലാനന്ദന്‍
Kerala
ലാവ്‌ലിന്‍ കേസ്: ബാലാനന്ദന്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് സരോജിനി ബാലാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2013, 12:03 pm

[] തിരുവനന്തപുരം: ##ലാവ്‌ലിന്‍ കേസില്‍ ബാലാനന്ദന്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് സരോജിനി ബാലാനന്ദന്‍. ഇക്കാര്യത്തില്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത് ശരിയാണെന്നും സരോജിനി ബാലാനന്ദന്‍ പറഞ്ഞു.

ബാലാനന്ദന് സാങ്കേതിക പരിജ്ഞാനം ഇല്ലെന്നത് തെറ്റാണ്. കഴിവുള്ളത് കൊണ്ടാണ് അദ്ദേഹത്തെ ഇതിനായി ചുമതലപ്പെടുത്തിയത്. കമ്മറ്റിയിലെ മറ്റ് അംഗങ്ങളുടെ അഭിപ്രായം ഏകീകരിച്ചാണ് ബാലാനന്ദന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.[]

കാര്യങ്ങള്‍ പഠിക്കാനും അവതരിപ്പിക്കാനും കഴിവുള്ള വ്യക്തിയാണ് ബാലാനന്ദന്‍. ബാലാനന്ദന്‍ റിപ്പോര്‍ട്ട് ശരിയല്ലെന്നത് അഭിഭാഷകന്റെ മാത്രം അഭിപ്രായമാണെന്നും സരോജിനി ബാലാനന്ദന്‍ പറഞ്ഞു.

ബാലാനന്ദന്‍ റിപ്പോര്‍ട്ട് ശരിയല്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

വൈദ്യുതി പ്രതിസന്ധി പഠിച്ച ബാലാനന്ദന്‍ റിപ്പോര്‍ട്ട് ശരിയെന്ന് വി.എസ് ഇതിന് പിന്നാലെ പ്രതികരിക്കുകയും ചെയ്തിരുന്നു.

എസ്.എന്‍.സി ലാവലിന്‍ കേസിലെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ട സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ വാദം തുടരുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ റിപ്പോര്‍ട്ടിനെതിരെ പറഞ്ഞത്.

തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. വാദത്തിനിടെ ലാവ്‌ലിന്‍ കമ്പനിക്ക് പിണറായി വിജയന്‍ അയച്ച കത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി വിലയിരുത്തി.

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സുബൈദ കമ്മിറ്റി റിപ്പോര്‍ട്ടും അവഗണിച്ച് മുന്നോട്ട് പോയ പിണറായി വിജയന്റെ നടപടിയെ കോടതി ഇതിന് മുന്‍പ് ചോദ്യം ചെയ്തിരുന്നു.

2009 ലാണ് ലാവ്‌ലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച കരാറാണ് പിന്നീട് വിവാദമായത്.

കരാര്‍ പ്രകാരം സംസ്ഥാനത്തിന് കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.