'മുതിര്‍ന്നവരോട് സംസാരിക്കാമായിരുന്നു' സരോജ് ഖാന്റെ അവസാന പോസ്റ്റ് സുശാന്തിനെക്കുറിച്ച്
national news
'മുതിര്‍ന്നവരോട് സംസാരിക്കാമായിരുന്നു' സരോജ് ഖാന്റെ അവസാന പോസ്റ്റ് സുശാന്തിനെക്കുറിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd July 2020, 11:17 am

മുംബൈ:അന്തരിച്ച ബോളിവുഡ് കോറിയോഗ്രാഫര്‍ സരോജ്ഖാന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ മാസം മരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുതിനെക്കുറിച്ചാണ് സരോജ് ഖാന്‍ പോസ്റ്റ് ചെയ്തിരുന്നത്.

സുശാന്തിന്റെ മരണത്തില്‍ ഞെട്ടിപ്പോയെന്നാണ് സരോജ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

‘ഞാന്‍ ഒരിക്കലും നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷെ നമ്മള്‍ കുറെ തവണ കണ്ടിട്ടുണ്ട്. എന്താണ് നിന്റെ ജീവിതത്തില്‍ തെറ്റായി സംഭവിച്ചത്? ഇത്ര ദുഖകരമായ ഒരു പ്രവൃത്തി നിങ്ങള്‍ ചെയ്തതില്‍ ഞാന്‍ ഞെട്ടലിലാണ്. സഹായിക്കാന്‍ പറ്റുന്ന മുതിര്‍ന്ന ഒരാളോട് നിനക്ക് സംസാരിക്കാമായിരുന്നു,’ സരോജ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒപ്പം സുശാന്തിന്റെ എല്ലാ സിനിമകളും ഇഷ്ടമായിരുന്നെന്നും   സുശാന്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നെന്നും സരോജ് ഖാന്‍ കുറിച്ചിരുന്നു.

ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചയൊണ് സരോജ് ഖാന്‍ മരിച്ചത്. ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജൂണ്‍ 17 മുതല്‍ ഇവര്‍ മുംബെയിലെ ഗുരു നാനാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

ബോളിവുഡില്‍ മാസ്റ്റര്‍ജി എന്ന പേരില്‍ വിളിക്കപ്പെടുന്ന സരോജ് ഖാന്‍ 2000ത്തിലേറെ പാട്ടുകള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. മാധുരി ദീക്ഷിത്, ശ്രീദേവി എന്നീ നടിമാര്‍ക്കുവേണ്ടി ചെയ്ത നൃത്തസംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1948 ല്‍ ജനിച്ച സരോദജ് ഖാന്‍ തന്റെ മൂന്നാം വയസ്സില്‍ ബാലതാരമായാണ് കലാരംഗത്തെത്തുന്നത്. 1950 കളില്‍ കൊറിയോ ഗ്രാഫര്‍ ബി.സോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി.

ബോളിവുഡിലെ എക്കാലത്തെയും മികച്ച ഡാന്‍സ് നമ്പറുകളായ ഹവാ ഹവാ, എക് ദോ തീന്‍, ദഖ് ദഖ് കര്‍നേ ലഗാ, ഡോലാ രേ, തുടങ്ങിയവ സരോജ്ഖാന്റെ നൃത്തസംവിധാനത്തില്‍ പിറന്നവയാണ്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ