| Tuesday, 6th November 2018, 7:50 pm

ഒരു വിരലില്‍ വിപ്ലവം കുറിക്കുന്ന 'സര്‍ക്കാര്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു പക്ഷേ വിജയ് എന്ന നടനോളം ട്രോളുകളും വിമര്‍ശനങ്ങളും നേരിടുന്ന മറ്റൊരു അന്യഭാഷ നടനും കേരളത്തില്‍ ഇല്ല. സ്ഥിരം പാറ്റേണില്‍ ഉള്ള കഥാപാത്രങ്ങളും സ്ഥിരം ഫോര്‍മുലകളും ഉപയോഗിക്കുന്നു. രക്ഷകന്‍ കഥാപാത്രങ്ങളാണ് വിജയ് ചെയ്യുന്നത് എന്നിങ്ങനെ നീളുന്നു ട്രോളുകളും വിമര്‍ശനങ്ങളും. പക്ഷേ ഒരിക്കല്‍ പോലും വിജയ് എന്ന താരത്തിന്റെ ഫാന്‍സ് പവറിന് കേരളത്തില്‍ ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇന്ന് നാലുമണി മുതല്‍ വിവിധ തിയേറ്ററുകളില്‍ സര്‍ക്കാര്‍ എന്ന സിനിമയുടെ പ്രദര്‍ശനം തെളിയിക്കുന്നത്. നാന്നൂറില്‍ അധികം സ്‌ക്രീനുകളിലാണ് സര്‍ക്കാര്‍ കേരളത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. എന്നറിയുമ്പോഴാണ് ഈ നടന് കേരളത്തിലെ ആരാധകര്‍ക്ക് ഇടയിലുള്ള സ്വാധീനം തെളിയിക്കുന്നത്.

വിജയ്- എ.ആര്‍ മുരുകദോസ് – എ.ആര്‍ റഹ്മാന്‍ എന്ന സ്വപ്‌നതുല്ല്യമായ കൂട്ടുകെട്ടില്‍ ഒരുങ്ങിയ സര്‍ക്കാരിന്റെ വരവ് എന്തായാലും പിഴച്ചില്ല.  വിജയ്‌യുടെ കൂടെയുള്ള എ.ആര്‍ മുരുകദോസിന്റെ മൂന്നാമത്തെ വരവാണിത്. എന്നാല്‍ മുമ്പ് പുറത്തിറങ്ങിയ തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ച സര്‍ക്കാരിന് കയറുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.

തമിഴ്‌നാട് സ്വദേശിയായ സുന്ദര്‍രാമസ്വാമി എന്ന കോര്‍പ്പറേറ്റ് ഭീമനായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. അമേരിക്കയിലെ ജി.എല്‍ കമ്പനിയുടെ സി.ഇ.ഒ ആയ സുന്ദര്‍ തമിഴ്‌നാട്ടിലേക്ക് വരുന്ന എന്ന വാര്‍ത്തയോടെയാണ് ചിത്രം ആരംഭിക്കുന്നത്. സുന്ദര്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവം കൃത്യമായി ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ കാണിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. സിനിമ തുടങ്ങി അഞ്ചാം മിനിറ്റില്‍ ഒരു പാട്ട് എന്ന വിജയ് ചിത്രങ്ങളുടെ പതിവ് രീതി സര്‍ക്കാരിലും തെറ്റിച്ചിട്ടില്ല.

ബ്രാന്‍ഡുകളും കമ്പനികളും തകര്‍ക്കുന്നതില്‍ അഗ്രഗണ്യനായ സുന്ദറിന്റെ അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യയിലേക്കുള്ള വരവ് ഭയത്തോടെയാണ് ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ എല്ലാം നോക്കി കണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനായാണ് സുന്ദര്‍ വരുന്നത് എന്ന വാര്‍ത്ത് അവരെ ആശ്വസിപ്പിക്കുന്നു. എന്നാല്‍ വോട്ട് ചെയ്യാന്‍ എത്തിയ സുന്ദര്‍ അറിയുന്നത് അയാളുടെ വോട്ട് മറ്റാരോ ചെയ്തു എന്നതാണ്. അവിടെ നിന്നാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ എന്ന സിനിമ ആരംഭിക്കുന്നത്.

വോട്ടെടുപ്പിന് എത്തി അന്ന് തന്നെ മടങ്ങാന്‍ തീരുമാനിച്ച സുന്ദര്‍ തന്റെ വോട്ട് കള്ള വോട്ട് ചെയ്തു എന്നറിഞ്ഞതോടെ ഇന്ത്യന്‍ ഭരണഘടനയിലെ സെക്ഷന്‍ 49 പി ഉപയോഗിച്ച് തനിക്ക് വോട്ട് ചെയ്യാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുന്നതും പിന്നീട് തമിഴ്‌നാട് രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകള്‍ക്ക് എതിരെ നായകന്‍ തന്റെ “പോരാട്ടം” ആരംഭിക്കുന്നതുമാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഒരു പക്ക വിജയ് ചിത്രത്തിനുള്ള എല്ലാ ഘടകങ്ങളും ആദ്യ പകുതിയില്‍ സമര്‍ത്ഥമായി സംവിധായകന്‍ ഉപയോഗിക്കുന്നുണ്ട്. (ചിത്രം കണ്ടിറങ്ങിയപ്പോള്‍ ആദ്യം ചെയ്തത് എന്താണ് സെക്ഷന്‍ 49 പി എന്ന് കൂടുതലായി അന്വേഷിക്കലായിരുന്നു).

തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ രീതികളെ ഒന്നടങ്കം വിമര്‍ശിക്കുന്നുണ്ട് സിനിമയില്‍. കേവലം വിമര്‍ശനങ്ങള്‍ മാത്രമല്ലാതെ യഥാര്‍ത്ഥ സംഭവങ്ങളെ തന്നെ പരാമര്‍ശിച്ച് കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്രശ്‌നം, ജെല്ലികെട്ട്, കാവേരി തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തമിഴ്‌നാട് കളക്ട്രേറ്റിന് മുമ്പില്‍ ഒരു കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

പാലാ കറുപ്പയ്യയും രാധാ രവിയും വരലക്ഷ്മി ശരത്കുമാറുമാണ് മുഖ്യവില്ലന്‍ കഥാപാത്രങ്ങളാവുന്നത്. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി രാധാ രവി കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും ചിത്രത്തില്‍ ഉടനീളമുള്ള അവതരണവും മികച്ചുനിന്നു.

എടുത്ത് പറയേണ്ടത് വരലക്ഷ്മി ശരത്കുമാറിന്റെ കോമളവല്ലി എന്ന കഥാപാത്രമാണ്. ആദ്യ പകുതിയിലേക്കാള്‍ രണ്ടാം പകുതിയിലാണ് വരലക്ഷ്മി കഥാപാത്രം എത്തുന്നതെങ്കിലും സ്‌ക്രീനില്‍ എത്തിയ ഒരോ നിമിഷവും അവര്‍ മികച്ചതാക്കി. ഒരു കോര്‍പ്പറേറ്റ് ക്രിമിനലിനോട് ഏറ്റുമുട്ടാന്‍ പറ്റിയ “ക്രിമിനല്‍” ആയി തന്നെയാണ് വരലക്ഷ്മി ചിത്രത്തില്‍ എത്തുന്നത്. പൊതുവേ സ്ത്രീ കഥാപാത്രങ്ങള്‍ വില്ലന്‍ കഥാപാത്രങ്ങളാവുമ്പോഴുള്ള സ്ഥിരം ക്ലീഷേകളായ അലര്‍ച്ചകളോ രണ്ട് പാരഗ്രാഫ് ഡയലോഗുകളോ വരലക്ഷ്മിക്ക് ഇല്ല. പക്ഷേ വില്ലത്തരത്തിന് ഒരു കുറവുമില്ല.

ചിത്രത്തിലെ നായികയായ കീര്‍ത്തി സുരേഷ് ഫ്രെയിം ഫില്‍ ചെയ്യാനും ഗാനരംഗത്തില്‍ ഡാന്‍സ് ചെയ്യാനും നായകന്റെ കൂടെ സഞ്ചരിക്കാനും മാത്രമായിരുന്നു. കോമഡി പറയാനായി യോഗി ബാബുവും ഉണ്ടായിരുന്നു.

മുമ്പ് പറഞ്ഞത് പോലെ സമീപ കാലത്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അരങ്ങേറിയ പല സംഭവങ്ങളും ചിത്രത്തിലുണ്ട്. ഭരണത്തിലെ കുത്തകയും മക്കള്‍ രാഷ്ട്രീയവും സിനിമയിലെ പ്രധാന വിമര്‍ശന വിഷയമാകുന്നുണ്ട്. ലാപ്‌ടോപും വീട്ട് ഉപകരണങ്ങളും കാശും നല്‍കി വോട്ട് നേടുന്ന തമിഴ് രാഷ്ട്രീയത്തെ ഇത്രയ്ക്ക് വിമര്‍ശിക്കുന്ന മറ്റൊരു പടവും സമീപ കാലത്ത് ഇറങ്ങിയിട്ടില്ല.

എന്നാല്‍ കഴിഞ്ഞ എതാനും പടത്തില്‍ വിജയ് സ്ഥിരം ഉപയോഗിക്കുന്ന മാനറിസങ്ങളും “ഐ ആം വെയ്റ്റിംഗ്” ഡയലോഗും പ്രേക്ഷകന് അസ്വസ്വതയുണ്ടാക്കുന്നുണ്ട്. ചിത്രത്തിലെ എ.ആര്‍ റഹ്മാന്റെ ഗാനങ്ങള്‍ ഒന്ന് പോലും മികച്ച് നിന്നില്ല. അതേസമയം ബി.ജി.എം താരതമ്യേന മികവ് പുലര്‍ത്തി.

നീലാകാശം പച്ചകടല്‍ ചുവന്നഭൂമി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രയങ്കരാനയ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിലെ ഛായാഗ്രഹണം. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ക്ലൈമാക്‌സിലെ കാര്‍ ചേയ്‌സിംങ്ങുമെല്ലാം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഗിരീഷിന് കഴിഞ്ഞു.

ഒരേയൊരു വിരലില്‍ വിപ്ലവം ജനിക്കുന്നു എന്ന് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ ഒരു രംഗത്തില്‍ പ്രത്യക്ഷപ്പെടാറുള്ള പതിവ് രീതി മുരുകദോസ് ഇത്തവണയും തെറ്റിച്ചിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു പൂര്‍ണ വിജയ് മാസ് മസാല സിനിമ എന്നതിലുപരിയായി മികച്ച രിതിയില്‍ തന്നെയാണ് സര്‍ക്കാറിന്റെ അവതരണം. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ബോക്‌സോഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല.

NB: “പരിയേറും പെരുമാളും” “വിസാരണ”യുമൊന്നും പ്രതീക്ഷിച്ച് അല്ലെല്ലോ വിജയ് ചിത്രത്തിന് കയറുന്നത്. ക്ലീഷേകളും ആക്ഷന്‍ രംഗങ്ങളിലെ ലോജിക്കുകളും ഒരു പ്രശ്‌നമാവില്ലെങ്കില്‍, അമിത പ്രതീക്ഷകള്‍ ഇല്ലെങ്കില്‍ ഒരു മാസ് മസാല വിജയ് സിനിമ എന്ന നിലയില്‍ സര്‍ക്കാര്‍ പ്രേക്ഷകരുടെ പ്രതീക്ഷ തകര്‍ക്കില്ല.

Latest Stories

We use cookies to give you the best possible experience. Learn more