|

അദ്ദേഹം പറഞ്ഞ ലാല്‍ ഡയറക്ടര്‍ ലാലാണെന്ന് തെറ്റിദ്ധരിച്ചു; അത് മോഹന്‍ലാലാണെന്ന് ചിന്തിക്കാനായില്ല: സര്‍ജാനോ ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദീഖ് സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബിഗ് ബ്രദര്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ അര്‍ബാസ് ഖാന്‍, സര്‍ജാനോ ഖാലിദ്, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, മിര്‍ണാ മേനോന്‍, സിദ്ദീഖ്, ടിനി ടോം എന്നിവരും അഭിനയിച്ചിരുന്നു.

2019ല്‍ ഇറങ്ങിയ ജൂണ്‍ സിനിമയിലൂടെ സിനിമാ മേഖലയിലേക്ക് കടന്ന് വന്ന സര്‍ജാനോ ഖാലിദ് ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ സഹോദരനായിട്ടായിരുന്നു എത്തിയിരുന്നത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ രാസ്തയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെമെന്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് സര്‍ജാനോ.

സംവിധായകന്‍ സിദ്ദീഖ് തന്നോട് ബിഗ് ബ്രദറിന്റെ കഥ പറയുമ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത് ലാല്‍ എന്ന് മാത്രമായിരുന്നെന്നും അത് മോഹന്‍ലാല്‍ ആകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അദ്ദേഹമാകും ആ സിനിമയില്‍ നായകനെന്ന് ചിന്തിക്കാന്‍ തന്നെകൊണ്ട് പറ്റിയിരുന്നില്ലെന്നും സര്‍ജാനോ പറയുന്നു.

‘സത്യത്തില്‍ സിദ്ദീഖ് സാര്‍ എന്നോട് സിനിമയുടെ കഥ പറയുമ്പോള്‍ ലാലേട്ടനെ കുറിച്ച് പറയുന്ന സമയത്ത് ലാല്‍ എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ഞാന്‍ അത് കേട്ട് ഒരിക്കലും ആ ലാല്‍ മോഹന്‍ലാല്‍ ആണെന്ന് കരുതിയില്ല. മോഹന്‍ലാല്‍ ആണ് ആ സിനിമയില്‍ നായകന്‍ എന്ന് ചിന്തിക്കാന്‍ എന്നെകൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല.

സിദ്ദീഖ് സാര്‍ ലാലിന്റെ ബ്രദര്‍ ആയിട്ടാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒട്ടും വിശ്വസിച്ചില്ല. ഞാന്‍ സത്യത്തില്‍ ലാല്‍ ഒരുപക്ഷേ ഡയറക്ടര്‍ ലാല്‍ സാര്‍ ആകുമെന്ന് കരുതി. പിന്നെ സിദ്ദീഖ് സാര്‍ ഉദ്ദേശിച്ച ലാല്‍ മോഹന്‍ലാല്‍ തന്നെ ആണെന്ന് മനസിലാക്കിയ ഒരു മൊമെന്റ് ഉണ്ടായിരുന്നു.

എനിക്ക് അതുവരെ ലാലേട്ടനെ പറ്റി എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാലേട്ടന്‍ പെട്ടെന്ന് ആളുകളെ കംഫര്‍ട്ട് ആക്കുമെന്ന് പലരും പറഞ്ഞു.

അതുകൊണ്ട് എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമാണെന്നും ഞാന്‍ കേട്ടിരുന്നു. എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കുമെന്ന് കരുതിയതല്ല,’ സര്‍ജാനോ ഖാലിദ് പറഞ്ഞു.


Content Highlight: Sarjano Khalidh Talks About Mohanlal