| Friday, 5th January 2024, 4:28 pm

അന്ന് ലാലേട്ടനെ കണ്ട് അസ്വസ്ഥനായി; ഞാന്‍ കേട്ടതുപോലെ ആയിരുന്നില്ല അദ്ദേഹം: സര്‍ജാനോ ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദീഖ് സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബിഗ് ബ്രദര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനായത്. മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറില്‍ അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, അനൂപ് മേനോന്‍, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, മിര്‍ണാ മേനോന്‍, ചേതന്‍ ഹന്‍സ്രാജ്, സിദ്ദീഖ്, ടിനി ടോം എന്നിവരും അഭിനയിച്ചിരുന്നു.

സര്‍ജാനോ ഖാലിദ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരന്റെ വേഷത്തിലായിരുന്നു എത്തിയിരുന്നത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെമെന്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് സര്‍ജാനോ.

തനിക്ക് മോഹന്‍ലാലിനെ കുറിച്ച് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പെട്ടെന്ന് ആളുകളെ കംഫര്‍ട്ടാക്കുമെന്ന് പലരും പറഞ്ഞിരുന്നെന്നും താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുമെന്ന് കരുതിയതല്ലെന്നും താരം പറയുന്നു.

എന്നാല്‍ താന്‍ കേട്ടത് പോലെയായിരുന്നില്ല മോഹന്‍ലാലെന്നും അദ്ദേഹം ഒരാളെ കണ്ടയുടനെ കമ്പനിയാകുന്ന ആളല്ലെന്നും അങ്ങനെ പറയുന്നത് വലിയ മണ്ടത്തരമാണെന്നും സര്‍ജാനോ കൂട്ടിചേര്‍ത്തു.

‘എനിക്ക് ലാലേട്ടനെ പറ്റി എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാലേട്ടന്‍ പെട്ടെന്ന് ആളുകളെ കംഫര്‍ട്ട് ആക്കുമെന്ന് പലരും പറഞ്ഞിരുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമാണെന്നും കേട്ടിരുന്നു.

ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ലാലേട്ടന്റെ കൂടെ അഭിനയിക്കുമെന്ന് കരുതിയതല്ല. എന്നാല്‍ ഞാന്‍ കേട്ടത് പോലെ ഒന്നുമല്ലായിരുന്നു ലാലേട്ടന്‍. അദ്ദേഹത്തിന് ഭയങ്കര മിസ്റ്ററി ഉണ്ടായിരുന്നു, എനിക്കാണെങ്കില്‍ അത് ഫിഗറൗട്ട് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

നമ്മള്‍ ഒരാളെ കുറിച്ച് ഒരുപാട് കേട്ടിട്ട് പിന്നെ അവരെ നേരിട്ട് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സംഭവം ഉണ്ടല്ലോ, അതായിരുന്നു എനിക്ക്. ഞാന്‍ ലാലേട്ടനെ കണ്ടപ്പോള്‍ കുറച്ച് ഡിസ്റ്റര്‍ബ്ഡായി. ലാലേട്ടന്‍ എന്താ ഇങ്ങനെ എന്നോര്‍ത്തു.

പിന്നെയാണ് പുള്ളിക്കാരനും സമയമെടുക്കും എന്ന് മനസിലായത്. ലാലേട്ടന്‍ കണ്ടയുടനെ എല്ലാവരോടും കമ്പനിയാകുന്ന ആളല്ല. അത് വലിയ മണ്ടത്തരമാണ്. പക്ഷേ പുള്ളി പിന്നീട് അതിന് വേണ്ടി നല്ല എഫേട്ട് ഇടുന്നുണ്ട്,’ സര്‍ജാനോ ഖാലിദ് പറയുന്നു.


Content Highlight: Sarjano Khalidh Talks About Mohanlal

We use cookies to give you the best possible experience. Learn more