Entertainment
അന്ന് ആ നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്: സര്‍ജാനോ ഖാലിദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 02, 11:55 am
Monday, 2nd September 2024, 5:25 pm

മലയാള സിനിമയിലേക്ക് പതിനഞ്ചോളം പുതുമുഖങ്ങളെ കൊണ്ട് വന്ന ചിത്രമായിരുന്നു ജൂണ്‍. അഹമ്മദ് ഖബീര്‍ സഹ-രചനയും സംവിധാനവും നിര്‍വഹിച്ച് 2019ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ രജിഷ വിജയനാണ് ടൈറ്റില്‍ റോളില്‍ എത്തിയത്.

റിലീസായിട്ട് 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ജൂണില്‍ സര്‍ജാനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, സണ്ണി വെയ്ന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍ എന്നിവരും ഒന്നിച്ചിരുന്നു. ചിത്രത്തില്‍ നോയല്‍ എന്ന കഥാപാത്രമായാണ് സര്‍ജാനോ എത്തിയത്.

താന്‍ എങ്ങനെയാണ് ജൂണിലേക്ക് എത്തുന്നതെന്ന് പറയുകയാണ് സര്‍ജാനോ ഖാലിദ്. അനു സിത്താരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കാസ്റ്റിങ് കോള്‍ കണ്ടാണ് താന്‍ ഈ സിനിമയില്‍ എത്തിയത് എന്നാണ് നടന്‍ പറയുന്നത്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ജൂണ്‍ സിനിമയില്‍ എത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍, കാസ്റ്റിങ് കോള്‍ വഴിയാണ്. ‘പുറത്ത് പഠിച്ച വെളുത്ത മെലിഞ്ഞ സുന്ദരനെ ആവശ്യമുണ്ട്’ എന്ന് പറഞ്ഞായിരുന്നു ഈ സിനിമയുടെ കാസ്റ്റിങ് കോള്‍ വന്നത്.

അന്ന് കുറേപേര്‍ ആ കാസ്റ്റിങ് കോളിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. അനു സിത്താരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഞാന്‍ അത് ആദ്യമായി കാണുന്നത്. ആ പോസ്റ്റില്‍ എന്നെ ആരോ ടാഗ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ കാണുന്നത്.

കിട്ടില്ലെന്നുള്ള നൂറ് ശതമാനം ഉറപ്പിലാണ് ഞാന്‍ വെറുതെ അവര്‍ക്ക് ഫോട്ടോ അയച്ചുകൊടുക്കുന്നത്. അങ്ങനെ അവരെന്നെ ഓഡിഷന് വേണ്ടി വിളിച്ചു. അന്ന് എന്നെ കൊണ്ട് സെല്‍ഫ് ഇന്‍ട്രൊഡക്ഷനാണ് പറയിപ്പിച്ചത്. ആദ്യമായിട്ട് ക്ലാസില്‍ വരുമ്പോള്‍ പരിചയപ്പെടുത്തുന്ന രീതിയില്‍ പറയാന്‍ പറഞ്ഞു.

ശരിക്കും പേടിയുള്ളത് കൊണ്ട് അവിടെ ജീവിച്ചു കാണിച്ചു. അതില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ല. അത് കഴിഞ്ഞിട്ടാണ് ഞാന്‍ രജിഷയെ കാണുന്നത്. പിന്നെ എങ്ങനെയോ എന്നെ തന്നെ അവര് സെലക്ട് ചെയ്തു,’ സര്‍ജാനോ ഖാലിദ് പറഞ്ഞു.


Content Highlight: Sarjano Khalidh Talks About June Movie