നോൺസെൻസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നെങ്കിലും ജൂൺ എന്ന ചിത്രത്തിലൂടെയാണ് നടൻ സർജനോ ഖാലിദ് ശ്രദ്ധേയനായത്. തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാരുടെ കൂടെ അഭിനയിക്കാൻ സാധിച്ചു താരത്തിന്. മോഹൻലാലിന്റെ കൂടെ ബിഗ് ബ്രദർ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് സർജനോ.
മോഹൻലാലിന് തന്നോട് ഒരു സഹോദരനോടുള്ള സ്നേഹം ഉണ്ടായിരുന്നെന്ന് പറയുകയാണ് സർജനോ. ബിഗ് ബ്രദർ എന്ന ചിത്രത്തിൽ തന്റെ സഹോദരനായിട്ട് അഭിനയിക്കുന്നത് കൊണ്ടുതന്നെ സന്ദർഭവുമായി പൊരുത്തപ്പെടാൻ മോഹൻലാലിന്റെ സൗഹൃദം സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ലാലേട്ടൻ സഹപ്രവർത്തകരെ വളരെ അധികം കംഫർട്ട് ചെയ്യുന്ന ആളാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് വളരെ കൂടുതൽ പ്രതീക്ഷിച്ചിട്ടാണ് ഞാൻ സെറ്റിലേക്ക് പോയത്. ആദ്യത്തെ ദിവസം ഞാൻ ഒട്ടും കംഫർട്ട് ആയിരുന്നില്ല. അത് പക്ഷെ അദ്ദേഹം കാരണമല്ല. എനിക്ക് അദ്ദേഹത്തെ മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സാധാരണ ഒരാളെ കണ്ടാൽ നമുക്ക് അയാളുടെ സ്വഭാവത്തെകുറിച്ച് ഏകദേശം ധാരണ ലഭിക്കും. പക്ഷെ ലാലേട്ടനെ കണ്ടപ്പോൾ ഒന്നും മനസിലായില്ല. ഇതല്ലായിരുന്നു ഞാൻ പ്രതീക്ഷിച്ചത്.
പക്ഷെ രണ്ടാം ദിവസം മുതൽ എല്ലാം വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. ഞങ്ങളുടെ അടുത്ത് കഥകളും തമാശകളും ഒക്കെ പറയുമായിരുന്നു,’ സർജനോ പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ് സമയത്ത് മോഹൻലാൽ വളരെ സൗഹൃദത്തോടെയാണ് സംസാരിച്ചിരുന്നതെന്നും തന്നെ ഒരു സഹോദരനെപോലെ ആയിരുന്നു കണ്ടിരുന്നതെന്നും സർജനോ പറഞ്ഞു.
‘ഞങ്ങൾ സിനിമ ഷൂട്ട് ചെയ്തിരുന്ന സമയത്തൊക്കെ അദ്ദേഹം വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് പെരുമാറിയിരുന്നത്. എനിക്ക് ഫോണിൽ മെസേജോക്കെ അയക്കുമായിരുന്നു. ഞാൻ ഒരുദിവസം മെസേജ് അയച്ചിട്ട് അദ്ദേഹം കണ്ടില്ല. അടുത്ത ദിവസം മെസേജ് കണ്ടിരുന്നില്ല ക്ഷമിക്കണം എന്ന് പറഞ്ഞുള്ള അദ്ദേഹത്തിന്റെ മെസേജ് ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു അദ്ദേഹം അന്നെന്നെ മനസിലാക്കാൻ ശ്രമിച്ചതാവാം. കാരണം ആ ചിത്രത്തിൽ എന്റെ സഹോദരന്റെ സ്ഥാനമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സൗഹൃദം എന്നെയും ഈ സിനിമയിൽ കംഫർട്ട് ആയിരിക്കാൻ സഹായിച്ചു,’ സർജനോ പറഞ്ഞു.