ആ ഡയലോഗ് വായിച്ചപ്പോൾ അൽപം ക്രിഞ്ച്‌ ആയി തോന്നി, സിദ്ദിഖ് സാർ എഴുതിയ ഡയലോഗ് അതുപോലെ തന്നെ പറയണം: സർജനോ ഖാലിദ്
Entertainment
ആ ഡയലോഗ് വായിച്ചപ്പോൾ അൽപം ക്രിഞ്ച്‌ ആയി തോന്നി, സിദ്ദിഖ് സാർ എഴുതിയ ഡയലോഗ് അതുപോലെ തന്നെ പറയണം: സർജനോ ഖാലിദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd June 2023, 12:30 pm

ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു ഡയലോഗ് ധാരാളം ട്രോളുകൾ നേരിട്ടിരുന്നു. ‘എന്റെ ഏട്ടൻ എന്ത് സുന്ദരനാണ്, എങ്ങനെ തോന്നി അദ്ദേഹത്തെ ജയിലിൽ ഇടാൻ’ എന്ന ഡയലോഗ് ആണ് ട്രോളുകൾ വാരിക്കൂട്ടിയത്. ആ ഡയലോഗ് അൽപം ക്രിഞ്ച്‌ ആയി തോന്നിയെന്ന് പറയുകയാണ് നടൻ സർജനോ ഖാലിദ്.

സംവിധായകൻ സിദ്ദിഖ് എഴുതിയ ഡയലോഗിൽ മാറ്റം വരാതെ തന്നെ പറയണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടെന്നും പരിചയ സമ്പത്തുള്ള നടൻമാർക്ക് ഡയലോഗുകൾ മാറ്റാനുള്ള സ്വാതന്ത്ര്യം ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് കേരളയുടെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സർജനോ.

”എന്റെ ഏട്ടൻ എന്ത് സുന്ദരനാണ്, എങ്ങനെ തോന്നി അദ്ദേഹത്തെ ജയിലിൽ ഇടാൻ’ എന്ന ഡയലോഗ് ധാരാളം ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ട്രോളുകൾ കഴിയുന്നതുവരെ ഞാൻ ഒന്നും മനസിലാക്കിയിരുന്നില്ല. കാരണം ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

നമ്മളോട് ചെയ്യാൻ പറഞ്ഞ ഒരു ഡയലോഗ് ഞാൻ ചെയ്തു, അത് ട്രോള് ആകുന്നു, ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. അതെന്നെ ബാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോഴും ആളുകൾ എന്നെ കാണുമ്പോൾ ആ ഡയലോഗ് പറയാറുണ്ട്. തുടക്കം മുതൽ എനിക്ക് ആ സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ്. എന്തോ കാരണത്താല് അതിനെപ്പറ്റി ഇങ്ങനെയൊക്കെ അഭിപ്രായം വന്നു,’ സർജനോ പറഞ്ഞു.

ട്രോളുകൾക്കിരയായ ഡയലോഗ് ആദ്യമായിട്ട് വായിച്ചപ്പോൾതന്നെ അൽപം ക്രിഞ്ച്‌ ആയി തനിക്ക് തോന്നിയെന്നും സിദ്ദിഖിനെപ്പോലെ ഒരു സംവിധായകന്റെ ചിത്രത്തിലെ ഡയലോഗുകൾ മാറ്റാൻ കഴിയില്ലെന്നും സർജനോ പറഞ്ഞു.

‘ആ ഡയലോഗ് ആദ്യമായി വായിച്ചപ്പോൾ തന്നെ അല്പം ക്രിഞ്ച്‌ ആയി എനിക്ക് തോന്നി. കൂടെയുള്ള ആരോ പറയുന്നുണ്ടായിരുന്നു. പക്ഷെ നമുക്കൊന്നും അതിനെപ്പറ്റി പറയാൻ പറ്റില്ല. സിദ്ദിഖ് സാർ ഒരു ഡയലോഗ് എഴുതിയാൽ അതുപോലെ തന്നെ പറയണമെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ എനിക്ക് മനസിലായി. അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സമ്മതിക്കില്ല. ചിലപ്പോൾ എക്സ്പീരിയൻസ് ഉള്ള അഭിനേതാക്കൾക്ക് പറ്റുമായിരിക്കും. ഒരിക്കൽ ഞാൻ ഡയലോഗിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡയലോഗിൽ മാറ്റം വരുത്തരുതെന്നും, ചിലമാറ്റങ്ങൾ അർത്ഥം വരെ മാറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് എന്റെ പരിമിതികൾ അറിയാം, എന്നെ ആരെങ്കിലും വിമർശിക്കുന്നതിൽ ഒരു കാരണം ഉണ്ടെങ്കിൽ എനിക്കതിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല. ബിഗ് ബ്രദറിൽ ആണ് ഞാൻ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടിട്ടുള്ളത്. അതിന് ശേഷം ഞാൻ അധികം വിമർശനങ്ങൾ കേട്ടിട്ടില്ല, ചിലപ്പോൾ ശ്രദ്ധിക്കാത്തതാവാം, സർജനോ പറഞ്ഞു.

Content Highlights: Sarjano Khalid on Big Brother movie