150ല്‍ അധികം സിനിമകളില്‍ അഭിനയിക്കുകയും മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി 200ല്‍ അധികം സിനിമകളിലായി നടിമാര്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത നടിയാണ് സരിത. 80കളില്‍ മികച്ച സിനിമകളിലൂടെ ശ്രദ്ധ നേടിയ നായികമാരില്‍ ഒരാളാണ് സരിത.
ഐ.വി. ശശി, ഭരതന്‍, ജോഷി, സത്യന്‍ അന്തിക്കാട്, കെ. ബാലചന്ദര്‍, ഭാരതിരാജ, ബാലുമഹേന്ദ്ര, എസ്.പി. മുത്തുരാമന്‍, ഭാഗ്യരാജ് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളിലെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ ഏത് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സരിത.
തമിഴില്‍ ലോകേഷ് കനകരാജിന്റെ വര്‍ക്കുകള്‍ സൂപ്പറാണെന്നും അദ്ദേഹം സംവിധാനം ചെയ്യുന്ന പടത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നടി പറയുന്നു.
മലയാളത്തില്‍ മഹേഷ് നാരായണന്റെ മാലിക് കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും ഫഹദ് ഫാസിലിന്റെ ആരാധികയാണ് താനെന്നും സരിത കൂട്ടിച്ചേര്‍ത്തു. മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘തമിഴില്‍ ലോകേഷ് കനകരാജിന്റെ വര്‍ക്കുകള്‍ സൂപ്പറാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പടത്തില്‍ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. വിക്രം കണ്ടിട്ട് ഞാന്‍ ലോകേഷിനെ വിളിച്ച് സംസാരിച്ചിരുന്നു. ലോകേഷിന്റെ അമ്മ എന്റെ ആരാധികയാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ മഹേഷ് നാരായണന്‍, അദ്ദേഹത്തിന്റെ മാലിക് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഫഹദ് ഫാസിലിന്റെ ആരാധികയാണ് ഞാന്‍. പിന്നെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.
അതിന്റെ സംവിധായകന്‍ ജിയോ ബേബി അദ്ദേഹത്തിന്റെ അടുത്ത സിനിമ യിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ആ സമയത്ത് എനിക്ക് അത് ചെയ്യാനായില്ല.
കന്നടയില്‍ പ്രശാന്ത് നീല്‍ കെ.ജി.എഫിലൂടെ അമ്പരപ്പിച്ചിരുന്നു. തെലുങ്കില്‍ ഗോപീചന്ദ് മല്ലിനേനി സംവിധാനം ചെയ്ത വീരസിംഹ റെഡ്ഡി എനിക്ക് ഇഷ്ടപ്പെട്ടു. അതില്‍ വരലക്ഷ്മി വളരെ നന്നായി അഭിനയിച്ചിട്ടുണ്ടായിരുന്നു,’ സരിത പറയുന്നു.
Content Highlight: Saritha Talks About Fahadh Faasil And Maalik Movie