കോഴിക്കോട്: നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെതിരെയുള്ള പരാതികള്‍ വ്യാപകമായതിന് പിന്നാലെ ചര്‍ച്ചയായി അദ്ദേഹത്തിന്റെ മുന്‍ പങ്കാളിയും നടിയുമായ സരിതയുടെ പഴയ അഭിമുഖം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ വിഷന്‍ ചാനലിന് സരിത നല്‍കിയ അഭിമുഖവും അതിലെ വെളിപ്പെടുത്തലുകളുമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇന്ത്യ വിഷന് വേണ്ടി അന്ന് സരിതയെ ഇന്റര്‍വ്യൂ ചെയ്തത്. ഇന്റര്‍വ്യൂവില്‍ മുകേഷില്‍ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ച് സരിത തുറന്നു പറയുന്നുണ്ട്. ഗര്‍ഭണിയായിരിക്കുമ്പോള്‍ മുകേഷ് തന്റെ വയറ്റില്‍ ചവിട്ടിയെന്നും വേദനകൊണ്ട് കരഞ്ഞപ്പോള്‍ അഭിനയമാണെന്ന് പറഞ്ഞ് പരിഹസിച്ചെന്നും സരിത പറയുന്നു.
വീട്ടുജോലിക്കാരുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചതിന്റെയും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പോലും ശ്രദ്ധിക്കാത്തതിന്റെയും അനുഭവങ്ങള്‍ സരിത ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ തന്റെ ഒരു അഭിമുഖത്തിന്റെ പേരില്‍ മുകേഷിന് സീറ്റ് നിഷേധിക്കപ്പെട്ടു എന്ന് മുകേഷ് പരാതിപ്പെട്ടിരുന്നു എന്നും എന്നാല്‍ 24 വര്‍ഷം താന്‍ അദ്ദേഹത്തിന്റെ പീഡനങ്ങള്‍ അനുഭവിക്കുകയായിരുന്നു എന്നും സരിത പറയുന്നുണ്ട്.
തന്റെ സിനിമ കരിയര്‍ അവാസനിപ്പിക്കേണ്ടി വന്നത് മുകേഷിന് വേണ്ടിയാണെന്നും അത് തന്റെ തെരഞ്ഞെടുപ്പായതിനാല്‍ തന്നെ അക്കാര്യത്തില്‍ സങ്കടമില്ലെന്നും സരിത പറയുന്നു. മുകേഷുമായുള്ള വിവാഹത്തിന് ശേഷം അഞ്ച് വര്‍ഷത്തെ ഗ്യാപ്പെടുത്ത് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുകേഷ് ഇടപെട്ട് അത് മുടക്കിയെന്നും സരിത പറയുന്നു. കമല്‍ തമിഴില്‍ ചെയ്യുന്ന സിനിമയായിരുന്നു അതെന്നും സരിത വെളിപ്പെടുത്തി.
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ സന്തോഷത്തോടെ മുകേഷിനെ ക്ഷണിച്ചപ്പോള്‍ ‘തനിക്കല്ലേ അവാര്‍ഡ് ലഭിച്ചത് താന്‍ പോയാല്‍ മതി’യെന്നാണ് മുകേഷ് പറഞ്ഞതെന്നും സരിത പറയുന്നു. ഏത് പുതിയ കാര്‍ ഇറങ്ങിയാലും അത് വാങ്ങി നല്‍കി താന്‍ മുകേഷിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു എന്നും പറയുന്ന അവര്‍ മുകേഷിന് വേണ്ടി തന്റെ ചെന്നൈയിലെ കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി നഷ്ടപ്പെടുത്തേണ്ടി വന്നെന്നും പറയുന്നു. ഒരു ഘട്ടത്തില്‍ മുകേഷിന്റെ അടക്കം ടാക്‌സ് താനാണ് അടച്ചിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി.
മുകേഷിന്റെ പിതാവിന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു എന്നും അദ്ദേഹത്തെ ഓര്‍ത്താണ് താന്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെയും തുറന്ന് പറയാതിരുന്നത് എന്നും സരിത പറയുന്നു. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയതിന് ശേഷം മുകേഷിന്റെ പിതാവ് ഒരിക്കല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെന്നും താന്‍ അതിന് തയ്യാറായില്ലെന്നും പറയുന്നുണ്ട് സരിത.
താന്‍ അനുഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാമെന്ന് മുകേഷിന്റെ പിതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയരുതെന്നും അദ്ദേഹം തന്റെ കൈപിടിച്ച് അപേക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ താന്‍ ആ വാക്ക് പാലിച്ചെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ നിശബ്ദദത തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് ഈ കാര്യങ്ങള്‍ തുറന്ന് പറയുന്നത് എന്നും സരിത അഭിമുഖത്തില്‍ പറഞ്ഞു.
മക്കളുടെ കാര്യത്തിലും മുകേഷ് ശ്രദ്ധ കാണിച്ചില്ലെന്നും സരിത അഭിമുഖത്തില്‍ പറയുന്നുണ്ട്. മകന് അസുഖമാണെന്ന കാര്യം വിളിച്ചറിയച്ചപ്പോള്‍ താനെവിടെയാണെന്ന് കണ്ടെത്താനുള്ള അഭിനയമല്ലേ ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റൊരു വിവാഹം കഴിക്കുന്ന കാര്യം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും സരിത പറയുന്നു.
നേരത്തെ താന്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിനും വിവാഹ മോചനം ആവശ്യപ്പെട്ടും പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ പരാതി പിന്‍വലിച്ചാല്‍ മ്യൂച്ചല്‍ ഡിവോഴ്‌സിന് സമ്മതിക്കാമെന്ന് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അത് പിന്‍വലിക്കുകയായിരുന്നു എന്നും എന്നാല്‍ അദ്ദേഹം ആ വാക്ക് തെറ്റിക്കുകയാണുണ്ടായതെന്നും സരിത അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ മുകേഷിന്റെ ക്രൂരതകള്‍ എണ്ണിപ്പറയുന്ന 25 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖമാണ് ഇപ്പോള്‍ വ്യപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഈ അഭിമുഖം പുറത്ത് വന്നതിന് ശേഷമാണ് മുകേഷിനെ ഇടതുമുന്നണി കൊല്ലത്ത് മത്സരിപ്പിച്ചത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മുകേഷിനെതിരെ വീണ്ടും സമാനമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജി സി.പി.ഐ.എമ്മും ഇടതുമുന്നണിയും ആവശ്യപ്പെടണമെന്നും ആവശ്യങ്ങളുയരുന്നുണ്ട്.
അതേസമയം മുകേഷിനെതിരെ രേഖാമൂലമുള്ള പരാതികള്‍ തന്നെ ലഭ്യമായ സാഹചര്യത്തില്‍ അദ്ദേഹത്തെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങളും ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരിക്കുന്ന നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തു.
CONTENT HIGHLIGHTS: Mukesh kicked her in the stomach while she was pregnant; Saritha’s old interview with Veena George About Mukesh that was discussed