തിരുവനന്തപുരം: വയനാട്ടില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ്. നായര്‍. എറണാകുളം മണ്ഡലത്തിനു പുറമെയാണിത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സരം. നേരത്തേ ഹൈബി ഈഡന്‍ എം.എല്‍.എയ്‌ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കുമെന്ന് സരിത പറഞ്ഞിരുന്നു.
“കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നുണ്ട്.
എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത്” സരിത എസ്. നായര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എം.പിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത പറഞ്ഞു.
അതേസമയം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ബുധനാഴ്ച രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ബുധനാഴ്ച രാത്രി എട്ട് മണിക്ക് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഹെലിപാഡില്‍ ഇറങ്ങുന്ന രാഹുല്‍, നഗരത്തില്‍ രണ്ട് കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തിയ ശേഷം 11.15 നായിരിക്കും കലക്ടറേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കുക.
രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും എ.കെ ആന്റണിയും വയനാട്ടില്‍ എത്തുന്നുണ്ട്. വയനാട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത 100 നേതാക്കളുമായി രാഹുല്‍ ഡി.സി.സി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം, വയനാട് നിന്ന് മത്സരിക്കുന്നത് തെക്കേ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നരേന്ദ്ര മോദി തെക്കേ ഇന്ത്യയിലെ ജനങ്ങളോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.