| Monday, 2nd November 2020, 1:08 am

'ഏറ്റവും കൂടുതല്‍ സ്ത്രീകളെ അപമാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; പഠിപ്പിക്കേണ്ടത് എന്നെയല്ല പാര്‍ട്ടി നേതാക്കളെ', മുല്ലപ്പള്ളിയോട് സരിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് സരിത എസ് നായര്‍. മുല്ലപ്പള്ളി നിരന്തരമായി സമാനമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സരിത പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സരിതയുടെ പ്രതികരണം. ഒപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഇക്കാര്യത്തില്‍ ഒരു നടപടി പ്രതീക്ഷിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

‘ഇതിനെല്ലാം ഉത്തരം പറയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടി ആയതുകൊണ്ട് അവിടെ നിന്നും ഒരു നടപടിയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം ഏറ്റവും കൂടുതല്‍ സ്ത്രീകളെ അപമാനിച്ച സംഘടനയാണ് കോണ്‍ഗ്രസ്. അതിനാല്‍ എനിക്കിതൊരു പുതുമയായി തോന്നുന്നില്ല, സരിത പറയുന്നു.

‘അദ്ദേഹം പറയുന്നു, പീഡനത്തിനെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോവുന്ന സ്ത്രീ രണ്ടാമതൊരു സാഹചര്യം അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്. അതെന്നെയല്ല പഠിപ്പിക്കേണ്ടത്. പണവും അധികാരവും കൈയ്യില്‍ വരുമ്പോള്‍ അവരുടെ മുമ്പില്‍ വരുന്ന സ്ത്രീകളെ ആട്ടിന്‍ തോലിട്ട ചെന്നായയായി കടിച്ചു കീറാന്‍ നില്‍ക്കുന്ന അവരവരുടെ പാര്‍ട്ടിയിലെ നേതാക്കളെയാണ്. അല്ലാതെ സ്ത്രീകളെ അപമാനിക്കുകയല്ല വേണ്ടത്. അപമാനം തോന്നേണ്ടത് സ്വന്തം നേതാക്കന്‍മാര്‍ക്കാണ്. അവരുടെ മുഖത്താണ് കാര്‍ക്കിച്ചു തുപ്പേണ്ടത്. അതിനുള്ള ധൈര്യം മുല്ലപ്പള്ളിക്കില്ല എന്നു തന്നെ വേണം കരുതാന്‍. ഒപ്പം മുല്ലപ്പള്ളിക്കെതിരെ കേസ് കൊടുക്കുമെന്നും സരിത എസ് നായര്‍ പറഞ്ഞു.

കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരപ്പന്തലിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. സോളാര്‍ കേസ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ യു.ഡി.എഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.

സോളാര്‍ കേസ് പരാതിക്കാരിയെ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ശേഷമായിരുന്നു മുല്ലപ്പള്ളി സോളാര്‍ കേസില്‍ പരാതി നല്‍കിയ സ്ത്രീയെ കടന്നാക്രമിച്ചത്.

‘ആരെയാണിവര്‍ കൊണ്ടുവരാന്‍ പോകുന്നത്. ഓരോ ദിവസവും ഉറങ്ങിയെണീക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു എന്ന് പറയുകയാണ്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട് തിരശ്ശീലക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുകയാണ്. എപ്പോഴാണ് ഞാന്‍ രംഗത്ത് വരേണ്ടതെന്ന് അവര്‍ ചോദിച്ച് കൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രീ, ഈ കളി ഇവിടെ നടപ്പില്ല. മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം. അവരെ കൊണ്ട് വന്നതു കൊണ്ട് രക്ഷപ്പെടാമെന്ന് അങ്ങ് കരുതണ്ട. ഒരു സ്ത്രീ ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മാഭിമാനമുള്ളവളാണെങ്കില്‍ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ അത് പിന്നീട് ഒരിക്കലും ആവര്‍ത്തിക്കില്ല, അത്തരമൊരു സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്.’ മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Saritha S nair slams Mullappally Ramachandran

We use cookies to give you the best possible experience. Learn more