[]കൊച്ചി: ##സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ##സരിത എസ്. നായര്‍ക്ക് രണ്ട് കേസില്‍ കൂടി ജാമ്യം കിട്ടി. ഹൈക്കോടതിയിലാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പണം തട്ടിപ്പ് കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഫാദര്‍ ലൂയിഡ്, വി.പി.ജോയ് എന്നിവരില്‍ നിന്നും പണം തട്ടിയെന്നാണ് കേസ്.
എന്നാല്‍ രണ്ട് കേസുകളില്‍ കൂടി സരിതയ്ക്ക് ജാമ്യം ലഭിക്കാനുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പല കേസുകളും സരിത പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
എന്നാല്‍ സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് തട്ടിപ്പ് നടത്തിയ പണം കൊണ്ടാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ആറ് കോടി രൂപയാണ് സരിത ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്തത്. ഇതില്‍ 5.5 കോടി രൂപയും അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ ചെലവഴിച്ചു.
സരിതയുടെ 16 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും എന്നാല്‍ ഈ അക്കൗണ്ടുകളില്‍ കാര്യമായ പണമില്ലായിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു.
2 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ സരിത ജയില്‍ മോചിതയാകുമെന്നാണ് സൂചന.
സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഉപയോഗിച്ച പണം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്ന് കോടതി സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.