[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വിധികര്‍ത്താക്കളോടുള്ള പ്രതിഷേധമായി മെഡല്‍ നിഷേധിച്ച ഇന്ത്യന്‍ ബോക്‌സിംഗ് താരം സരിതാ ദേവി മെഡല്‍ സ്വീകരിക്കും. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് മെഡല്‍ സ്വീകരിക്കാന്‍ തീരുമാനമായത്.
വനിതകളുടെ മിഡില്‍ വെയ്റ്റ് ബോക്‌സിങ്ങ് മത്സരത്തിന്റെ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിനോട് പരാജയപ്പെട്ട സരിത ദേവിക്ക് വെങ്കലമെഡലാണ് ലഭിച്ചത്. എന്നാല്‍ വിധികര്‍ത്താക്കള്‍ മന:പ്പൂര്‍വ്വം പരാജയപ്പെടുത്തിയതാണെന്ന് ആരോപിച്ച്
സരിത മെഡല്‍ സ്വീകരിച്ചിരുന്നില്ല.
മെഡല്‍ ദാനചടങ്ങില്‍ പൊട്ടിക്കരഞ്ഞുകൊണ്ടെത്തിയ സരിത തന്റെ കഴുത്തില്‍ മെഡല്‍ അണിയിക്കാന്‍ അനുവദിച്ചില്ല. കൈയില്‍ വാങ്ങിയ വെങ്കലമെഡല്‍ തന്നെ തോല്‍പ്പിച്ച കൊറിയന്‍ താരം ജിന പാര്‍ക്കിന് കൈമാറിയാണ് വിധികര്‍ത്താക്കളോടുള്ള പ്രതിഷേധം സരിത അറിയിച്ചത്.
കാര്യമറിയാതെ മെഡല്‍ സ്വീകരിച്ച കൊറിയന്‍ താരം പിന്നീട് സരിതയ്ക്ക് മെഡല്‍ തിരിച്ചു നല്കാന്‍ ശ്രമിച്ചെങ്കിലും സരിത നിഷേധിക്കുകയായിരുന്നു. ഫൈനലില്‍ പ്രവേശിക്കാന്‍ യോഗ്യയാണെന്ന് തനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് മെഡല്‍ തിരിച്ചുനല്‍കിയതെന്ന് സരിത പ്രതികരിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് സരിതാ ദേവി മെഡല്‍ സ്വീകരിക്കുന്നത്. സരിതയുടെ വിലക്ക് ഒഴിവാക്കാനാണ് മെഡല്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ സംഘത്തലവന്‍ അറിയിച്ചു.