| Thursday, 19th October 2017, 10:02 am

പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതികള്‍ മുന്‍സര്‍ക്കാര്‍ അന്വേഷിച്ചില്ല: മുഖ്യമന്ത്രിയ്ക്ക് സരിതാ നായരുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതാ നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. താന്‍ നല്‍കിയ പരാതികള്‍ അന്വേഷിച്ചില്ലെന്നും കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നു എന്നും ആരോപിച്ചാണ് പരാതി.

സോളാര്‍ കമ്മീഷനു മുമ്പാകെ സരിത നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയും പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതിയില്‍ നടപടിയുണ്ടായില്ലെന്നാണ് സരിത പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് രണ്ടു പരാതികള്‍ നല്‍കി. സര്‍ക്കാറിന്റെ ഭാഗമായിരുന്നവരായിരുന്നു പ്രതിസ്ഥാനത്ത്. അതിനാല്‍ തന്നെ കേസ് അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്നും സരിത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ പരാതിയില്‍ മതിയായ അന്വേഷണം നടത്താത്ത മുന്‍ സര്‍ക്കാര്‍ പരാതി വ്യാജമാണെന്ന് ആരോപിക്കുകയാണ് ചെയ്തത്.
തനിക്ക് നീതി ലഭിച്ചില്ലെന്നു പറയുന്ന സരിത കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read: ആധാര്‍ ബാങ്ക് അക്കൗണ്ട് ലിങ്കിങ്: ആര്‍.ബി.ഐ അങ്ങനെയൊരു ഉത്തരവിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ


സരിതയുടെ പരാതി ഡി.ജി.പിക്ക് കൈമാറി. പരാതിയിന്മേലുള്ള മേല്‍നടപടികള്‍ ഡി.ജി.പി തീരുമാനിക്കും.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ തുടരന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സരിത പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസും സ്ത്രീപീഡനക്കേസും എടുക്കാന്‍ തീരുമാനിച്ചിരുന്നു.

ഇന്നുചേരുന്ന മന്ത്രിസഭാ യോഗം സോളാര്‍ തുടര്‍നടപടികള്‍ സംബന്ധിച്ച നിയമോപദേശവും അനുബന്ധ കാര്യങ്ങളും പരിഗണിച്ചേക്കും.

We use cookies to give you the best possible experience. Learn more