ഏഷ്യന്‍ ഗെയിംസ്; സരിത ദേവി നിരുപാധികം മാപ്പ് പറഞ്ഞു
Daily News
ഏഷ്യന്‍ ഗെയിംസ്; സരിത ദേവി നിരുപാധികം മാപ്പ് പറഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd October 2014, 8:27 am

saritha-devi-01[]ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിഷേധിച്ചതിന് ബോക്‌സര്‍ ലൈഷ്രം സരിത ദേവി നിരുപാധികം മാപ്പ് പറഞ്ഞു. മാപ്പ് അപേഷിച്ചുകൊണ്ടുള്ള കത്ത് അവര്‍ ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന് കൈമാറി. ഇന്നലെയാണ് സരിത കത്ത് നല്‍കിയത്.

തന്റെ വികാര പ്രകടനത്തിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും സംഭവത്തില്‍ ഖേദിക്കുന്നതായും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും സരിത എ.ഐ.ബി.എ പ്രസിഡന്റ് ചിങ്-ക്വോ-വുവിന് നല്‍കിയ  കത്തില്‍ പറയുന്നു.

സരിതയുടേത് പെട്ടെന്നുള്ള പ്രതികരണമായിരുന്നെന്നും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതി ആയിരുന്നില്ലെന്നും ഇഞ്ചിയോണിലെ ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു. എന്നാല്‍ സംഭവം സരിതയും അവരുടെ ടീമും ആസൂത്രണം ചെയ്ത് നടപ്പാക്കിത് പോലെയാണ് തോന്നുന്നത് എന്നും മറ്റുള്ളവരും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഏഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സില്‍ വേണ്ട നടപടിയെടുക്കണമെന്നും സാങ്കേതിക പ്രതിനിധി ഡേവിഡ് ബി. ഫ്രാന്‍സിസ് പറഞ്ഞിരുന്നു.

വനിതകളുടെ മിഡില്‍ വെയ്റ്റ് ബോക്‌സിങില്‍ സരിത ദേവിക്ക് വെങ്കല മെഡലാണ് ലഭിച്ചിരുന്നത്. എന്നാല്‍ മത്സരത്തില്‍ പോയിന്റ് നല്‍കിയതില്‍ പിഴവ് പറ്റിയതാണെന്നും വിധികര്‍ത്താക്കള്‍ മന:പ്പൂര്‍വ്വം പരാജയപ്പെടുത്തിയതാണെന്നും ആയിരുന്നു സരിതയുടെ വാദം. സമ്മാനദാന ചടങ്ങില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സരിത മെഡല്‍ വാങ്ങാനെത്തിയത്. എന്നാല്‍ മെഡല്‍ കഴുത്തിലണിയാന്‍ ഇവന്‍ തയ്യാറായില്ല എന്നു മാത്രമല്ല, കൈയില്‍ വാങ്ങിയ വെങ്കലമെഡല്‍ തന്നെ തോല്‍പ്പിച്ച കൊറിയന്‍ താരം ജിന പാര്‍ക്കിന്റെ കഴുത്തിലണിയിച്ചാണ് വിധികര്‍ത്താക്കളോടുള്ള പ്രതിഷേധം സരിത അറിയിച്ചത്. കാര്യമറിയാതെ മെഡല്‍ സ്വീകരിച്ച കൊറിയന്‍ താരം പിന്നീട് സരിതയ്ക്ക് മെഡല്‍ തിരിച്ചു നല്കാന്‍ ശ്രമിച്ചെങ്കിലും സരിത മെഡല്‍ വേദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

വെള്ളിയാഴ്ച സരിതാ ദേവി മെഡല്‍ സ്വീകരിക്കുമെന്നും സരിതയുടെ വിലക്ക് ഒഴിവാക്കാനാണ് മെഡല്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും ഇന്ത്യന്‍ സംഘത്തലവന്‍ അറിയിച്ചിരുന്നു.

എന്നാല്‍ എന്ത് നടപടിയുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നും മത്സരക്രമത്തില്‍ പുരോഗതിയുണ്ടാവാന്‍ സഹായിക്കുമെങ്കില്‍ മറ്റുള്ള ബോക്‌സിങ് താരങ്ങള്‍ക്ക് വേണ്ടി തന്റെ ഔദ്യോഗിക ജീവിതം വരെ ത്യജിക്കാന്‍ തയ്യാറാണെന്നും സരിത ദേവി പറഞ്ഞിരുന്നു. ഫൈനലില്‍ പ്രവേശിക്കാന്‍ യോഗ്യയാണെന്ന് തനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് മെഡല്‍ തിരിച്ചുനല്‍കിയതെന്നും സരിത പ്രതികരിച്ചിരുന്നു.