എഴുപതാം ദേശീയ അവാർഡ് വേദിയിൽ നിറഞ്ഞു നിന്ന സിനിമയായിരുന്നു മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ മൂന്ന് പ്രധാന പുരസ്‌കാരങ്ങളാണ് ആട്ടം സ്വന്തമാക്കിയത്. നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രം മുമ്പ് പല ഫെസ്റ്റിവലുകളിലും പുരസ്‌കാരങ്ങൾ നേടിയിരുന്നു.
വിനയ് ഫോർട്ട്, സറീൻ ശിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു നാടക ഗ്രൂപ്പിന്റെ കഥയാണ് പറഞ്ഞത്. പ്രധാന കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിച്ചത് സറീൻ ശിഹാബ് ആയിരുന്നു. ഒരു കുറ്റകൃത്യം അതിൽ സംശയിക്കപ്പെടുന്ന പതിമൂന്ന് പേർ, ആളുകളെല്ലാം ഓരോ പ്രായക്കാർ, വ്യത്യസ്ത അഭിപ്രായമുള്ളവർ വ്യത്യസ്ത പൊതുബോധമുള്ളവർ. ഇവർക്കിടയിൽ നടക്കുന്ന വിചാരണയായിരുന്നു ആട്ടം എന്ന ചലച്ചിത്രം. എന്നാൽ അവസാന നിമിഷം വരെ സിനിമയിലെ യഥാർത്ഥ വില്ലനെ കാണിക്കുന്നില്ല.
ആട്ടം സിനിമയിലെ യഥാർത്ഥ വില്ലൻ ആരായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി സറീൻ ശിഹാബ്. ആട്ടം എന്ന സിനിമയുടെ പ്രധാന പോയിന്റ് അതല്ലെന്നും അതിതുവരെ മനസിലായില്ലേയെന്നുമാണ് സറീൻ മാധ്യമ പ്രവർത്തകരോട് മറുപടിയായി ചോദിച്ചത്. പുതിയ സിനിമ രേഖാചിത്രത്തിന്റെ ഭാഗമായി സംസാരിക്കുകയിരുന്നു സറീൻ ശിഹാബ്.
‘കഴിഞ്ഞ വർഷം ഏകദേശം ഇതേ സമയത്താണ് ആട്ടം റിലീസാവുന്നത്. രേഖാചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്താണ് എനിക്ക് ആട്ടത്തിൽ അവാർഡ് ലഭിക്കുന്നത്. ഷൂട്ടിങ്ങിന്റെ സമയത്ത് അതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. അനശ്വരയുടെ കൂടെ അഭിനയിച്ചപ്പോൾ ഞാൻ ശരിക്കും എൻജോയ് ചെയ്തു.
നല്ല അവസരമായിരുന്നു. ഓരോ വർഷവും ഇങ്ങനെ നല്ല തുടക്കം സിനിമയിലൂടെ ലഭിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. ആട്ടത്തിലെ വില്ലനെ റിവീൽ ചെയ്യാമോ എന്ന് ചോദിച്ചാൽ, അതല്ല ആ സിനിമയുടെ പോയിന്റ്. അതിതുവരെ നിങ്ങൾക്ക് മനസിലായില്ലേ,’സറീൻ ശിഹാബ് പറയുന്നു.
രേഖാചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്. ആസിഫ് അലി, അനശ്വര രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ എ.ഐയുടെ സഹായത്തോടെ തൊണ്ണൂറുകളിലെ മമ്മൂട്ടിയെയും കാണിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ.ടി.ചാക്കോ സംവിധാന ചെയ്ത ചിത്രമാണ് രേഖാചിത്രം.
Content Highlight: Sarin Shihab About Twist Of Attam Movie