പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.സരിന്‍ പാലക്കാടിന് ലഭിച്ചിട്ടുള്ള ഉത്തമനായ സ്ഥാനാര്‍ത്ഥിയെന്ന് ഇ.പി ജയരാജന്‍. പാലക്കാട് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇ.പി.ജയരാജന്‍.
മിടുക്കനാണെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും ജനസേവനത്തിന്റെ വഴിയിലും തൊഴിലാളികളോടും കര്‍ഷകരോടും താത്പര്യമുള്ള വ്യക്തിയാണ് സരിനെന്നും ഇ.പി പറഞ്ഞു.
അദ്ദേഹം വിശ്വസിച്ചിരുന്ന പാര്‍ട്ടിയില്‍ നിന്ന് സത്യസന്ധതയും നീതിയും ലഭിക്കാതിരുന്നപ്പോഴാണ് ഇടതുപക്ഷത്തേക്ക് വന്നതെന്നും ജനസേവനപാരമ്പര്യമുള്ള വ്യക്തിയാണെന്നും പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാവാന്‍ അര്‍ഹതയുള്ള വ്യക്തിയുമാണ് സരിനെന്നും ഇ.പി ചൂണ്ടിക്കാട്ടി.
പാലക്കാട് സരിന്‍ ജയിക്കേണ്ടത് പാലക്കാടിനും ജനങ്ങള്‍ക്കും ആവശ്യമാണെന്നും ഉത്തമനായ ജനസേവകനാണ് സരിനെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.
ആത്മകഥാ വിവാദത്തിലും ഇ.പി പ്രതികരിച്ചു. ആത്മകഥ ഇപ്പോള്‍ എഴുതുകയാണെന്നും അത് പൂര്‍ത്തിയാവുമ്പോള്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങുമെന്നും പറഞ്ഞ ഇ.പി പ്രസാധക ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
എഴുതി പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുകയെന്നും ആര്‍ക്കും കരാര്‍ കൊടുത്തിട്ടില്ലെന്നും താന്‍ തന്നെ എഴുതി ഭാഷാ ശുദ്ധി വരുത്താന്‍ ഒരാളെ ഏല്‍പ്പിക്കുന്നുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഒരു ഡി.സി ബുക്ക്‌സിനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡി.സി ബുക്ക്‌സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാന്‍ സമീപിച്ചിരുന്നുവെന്നും ചിന്താ പബ്ലിക്കേഷന്‍ വന്നാല്‍ അതും ആലോചിച്ച് ചെയ്യുമെന്നും ഇ.പി പറഞ്ഞു.
പുസ്തകം അധികം താമസിയാതെ പുറത്തിറക്കുമെന്നും അപ്പോള്‍ കാര്യങ്ങള്‍ മനസിലാകുമെന്നും ഇ.പി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംഭവങ്ങളില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങളില്‍ വന്ന കാര്യങ്ങളൊന്നും താന്‍ എഴുതിയതല്ലെന്നും നടന്നതൊന്നും നിസാരമായ കാര്യമല്ലെന്നും ചൂണ്ടിക്കാട്ടി.
ടൈംസ് ഓഫ് ഇന്ത്യയുടെ പേജില്‍ ഇത് വരണമെങ്കില്‍ നിസാരമായ കാര്യമായി കാണുന്നില്ലെന്നും ഇ,പി ജയരാജന്‍ കൂട്ടച്ചേര്‍ത്തു.
Content Highlight: Sarin is a person who does not get justice and honesty from Congress, the best candidate for Palakkad: EP Jayarajan