| Monday, 21st October 2024, 6:19 pm

സി.പി.ഐ.എമ്മിനെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരമായിരുന്നില്ല; ഖേദം പ്രകടിപ്പിച്ച് പി. സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഇടതുപക്ഷത്തിനെതിരെ താന്‍ നടത്തിയ പല വിമര്‍ശനങ്ങളും വ്യക്തിപരമായിരുന്നില്ലെന്ന് പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.സരിന്‍. സി.പി.ഐ.എമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ രേഖപ്പെടുത്തി.

‘കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് ഞാന്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍,
ആ സംസ്‌ക്കാരത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് നടത്തിയ ചില ഇടപെടലുകള്‍,
പരാമര്‍ശങ്ങള്‍, പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കുണ്ട്, സരിന്‍ പറഞ്ഞു.

ഈ കഴിഞ്ഞുപോയ സമയങ്ങളില്‍ ഞാന്‍ സഖാക്കളില്‍ നിന്ന് അനുഭവിക്കുന്ന സ്‌നേഹവായ്പ് തന്റെ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

പല തീരുമാനങ്ങളും എന്റെ വ്യക്തിപരമായ തീരുമാനങ്ങളായിരുന്നില്ലെന്നും നിയോഗിക്കപ്പെട്ട ചുമതലയുടെ ഭാഗമായിരുന്നു അവയെന്നും പറഞ്ഞ സരിന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ വരെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ താന്‍ രാഷ്ട്രീയ ശത്രുപക്ഷത്തായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

‘സാമൂഹ്യ മാധ്യമങ്ങളെ പ്രധാനപ്പെട്ട രാഷ്ട്രീയ ആശയപ്രചരണ മാധ്യമമായി പരിഗണിക്കുന്ന ഒരാളെന്ന നിലക്കും, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ മേധാവിയായി നിന്ന് ഇവിടെ നിരന്തരം ഇടപെട്ടിരുന്ന ഒരാളെന്ന നിലക്കും, ഇവിടെ ഇടപെടുന്ന സഖാക്കളോട്, ഞാന്‍ പ്രത്യേകമായി, വളരെ പ്രാധാന്യപൂര്‍വ്വം തന്നെ സംസാരിക്കണമെന്ന് കരുതുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് ഞാന്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍, ആ സംസ്‌ക്കാരത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് നടത്തിയ ചില ഇടപെടലുകള്‍, പരാമര്‍ശങ്ങള്‍, പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കുണ്ട്. ഈ കഴിഞ്ഞു പോയ സമയങ്ങളില്‍ ഞാന്‍ സഖാക്കളില്‍ നിന്ന് അനുഭവിക്കുന്ന സ്‌നേഹവായ്പ്പ് എന്റെ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണ്.

പല വിമര്‍ശനങ്ങളും എന്റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല.നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്ന് മാത്രം. കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ വരെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ഞാന്‍ നിങ്ങളുടെ രാഷ്ട്രീയ ശത്രു പക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചൊരാള്‍ ആണ്.
നൂതനമായ സാങ്കേതിക വിദ്യകളെയും, സാധ്യമായ എല്ലാ മാനുഷിക സാമ്പത്തിക വിഭവങ്ങളെയും കൂട്ട് പിടിച്ചു സംഘടിതമായി ഞങ്ങള്‍ രാഷ്ട്രീയ പ്രചാരണം തീര്‍ക്കുമ്പോള്‍, ഇതൊന്നുമില്ലാതെ ഒരാശയത്തിന്റെ പേരില്‍ സ്വയം സംഘടിച്ചു ശക്തമായ പ്രതിരോധം തീര്‍ത്ത നിങ്ങളോട് അന്നും ബഹുമാനം ഏറെയായിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ പ്രതിയോഗികളാല്‍ അക്രമങ്ങള്‍ നേരിടുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതിനെ പ്രതിരോധിക്കാന്‍ ഇറങ്ങുക ആ നേതാവിനോട് താല്പര്യമുള്ള ആളുകളും ഗ്രൂപ്പുകളും മാത്രമാണ്.
പക്ഷെ,ഇടതുപക്ഷത്തെ ഏതെങ്കിലും ഒരു നേതാവിനെ,വിശിഷ്യാ സഖാവ് പിണറായി വിജയനെ ആക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സഖാക്കള്‍ ഒരൊറ്റ മനസ്സായി നിന്ന് പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുന്നത് കണ്ടു കണ്ണു മിഴിച്ചു നിന്നിട്ടുണ്ട്.

അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ ഇടതുപക്ഷത്തേക്ക് വന്നത്,എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളാന്‍ എനിക്ക് കരുത്ത് നല്‍കുന്നത് എന്റെ തുറന്നതും സുതാര്യവുമായ പൊതുജീവിതം തന്നെയാണ്. സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയ കോണ്‍ഗ്രസ് രാഷ്ട്രീയ അനുഭാവം ഡോക്ടറായിട്ടും സിവില്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായിട്ടും ഞാന്‍ ഉപേക്ഷിച്ചില്ല.

അനിയനെ പോലെ കണ്ട മനുഷ്യര്‍ പോലും സ്ഥാനലബ്ധിയില്‍ ഗുണ്ടകളുടെ ഭാഷയില്‍ ഭീഷണിപ്പെടുത്താന്‍ തുനിഞ്ഞ സാഹചര്യം
ഏറെ വേദനാജനകമായിരുന്നു. പാര്‍ട്ടിക്കകത്ത് വിയോജിപ്പുകള്‍ ഉന്നയിക്കാനുള്ള അവസരം പോലും തരാതെ, എന്നെ നിഷ്‌ക്കരുണം പുറംതള്ളി.  മൂന്നു പതിറ്റാണ്ടായി സ്‌നേഹിച്ചു,
വിശ്വസിച്ച ഒരു പ്രസ്ഥാനം എന്നെ തെരുവിലുപേക്ഷിച്ചപ്പോള്‍, എന്നെ അനാഥമാക്കില്ല എന്ന് വാക്ക് നല്‍കിയ, പിന്തുണ നല്‍കിയ ഇടതുപക്ഷത്തോട്, എന്റെ സഖാക്കളോട്,
ചെങ്കൊടിയോട്, ഞാന്‍ മരണം വരെയും നന്ദിയുള്ളവനായിരിക്കും,
കൂറുള്ളവനായിരിക്കും.

ഇടതുപക്ഷത്തേക്ക് കടന്നു വരുന്നൊരാള്‍ക്ക് മറ്റുള്ള പാര്‍ട്ടികളിലേതു പോലെ പെട്ടെന്ന് പാര്‍ട്ടി അംഗത്വം ലഭിക്കില്ല എന്നെനിക്കറിയാം,
‘സഖാവേ’ എന്നാരും പെട്ടെന്ന് കയറി വിളിക്കില്ലെന്നും..
എങ്കിലും കുറച്ചു വൈകാരികമായി തന്നെ പറയട്ടെ,
നിങ്ങളാല്‍ ‘സഖാവേ’എന്ന വിളി കേള്‍ക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. വര്‍ഗീയതക്കും പിന്തുടര്‍ച്ചാ രാഷ്ട്രീയത്തിനും എതിരായ എന്റെ ഈ പോരാട്ടത്തില്‍, പ്രിയ സഖാക്കള്‍ എന്നെ നിങ്ങളിലൊരാളായി കണ്ട് ചേര്‍ത്തു നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും’ സരിന്‍ പറഞ്ഞു.

Content Highlight: sarin about his criticizing of cpim

We use cookies to give you the best possible experience. Learn more