| Friday, 15th April 2022, 3:16 pm

സാരിയല്ല, ശാരി പഠിക്ക്, പത്മരാജന്‍ സാര്‍ പറഞ്ഞു; പേര് മാറ്റിയതിനെ പറ്റി താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ ഭാഗമായ നടിയാണ് ശാരി. ആന്ധ്രാപ്രദേശുകാരിയാണെങ്കിലും അഭിനയിച്ച സിനിമകളിലൂടെ അവര്‍ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടി.

1986ലെ ‘ദേശാടനകിളികള്‍ കരയാറില്ല’, ‘നമുക്ക് പാര്‍ക്കന്‍ മുന്തിരി തോപ്പുകള്‍’ എന്നീ ചിത്രങ്ങളിലൂടെയാണ് ശാരി മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയയായത്.

സാധന എന്നതായിരുന്നു ശാരിയുടെ യഥാര്‍ത്ഥ പേര്. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തില്‍ വെച്ച് പത്മരാജനാണ് ശാരി എന്ന പേരിട്ടത്. അന്ന് ആ പേര് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയെന്നും ശാരി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

”എന്റെ ഒരു തമിഴ് പടത്തിന്റെ ഫോട്ടോഷൂട്ടിന്റെ ഫോട്ടോസ് കണ്ടിട്ടാണ് പത്മരാജന്‍ സാര്‍ ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമയിലെ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിക്കുന്നത്. രണ്ട് സ്‌കൂള്‍ കുട്ടികളുടെ പടമായിരുന്നു അത്. വളരെ ശക്തവും വെല്ലുവിളി നിറഞ്ഞതുമായ വേഷമായിരുന്നു. ആദ്യം തന്നെ അത് പോലെ ഒരു ശക്തമായ ക്യാരക്ടര്‍ കിട്ടിയത് തന്നെ ഭാഗ്യം.

പക്ഷേ, ആ സമയത്ത് തീരെ മലയാളം സംസാരിക്കാന്‍ അറിയില്ലായിരുന്നു. മലയാളം ഫീല്‍ഡും എനിക്ക് പുതിയതായിരുന്നു. ആരെ കുറിച്ചും ഒരു അറിവും ഇല്ലാതെയാണ് ഞാന്‍ ആ സിനിമയില്‍ എത്തിയത്. അതില്‍ ലാലേട്ടന്‍, ഉര്‍വശി, കാര്‍ത്തിക എന്നിവരൊക്കെയുണ്ട്. ഞാന്‍ സിനിമ ഫീല്‍ഡില്‍ ഒരു തുടക്കക്കാരിയായിരുന്നിട്ടും ബാക്കിയുള്ള താരങ്ങളെക്കാളും എനിക്കായിരുന്നു വലിയ ഡയലോഗുകള്‍. ബോള്‍ഡായ കഥാപാത്രമായിരുന്നു.

ചങ്കൂറ്റമുള്ളവളായി സംസാരിക്കുന്നതും, ചാടി പറയുന്നതും പിന്നെ എല്ലാവരോടും ഒടക്കുന്നതുമായുള്ള ഒരു കഥാപാത്രമാണ് ആ സിനിമയില്‍ ചെയ്തത്. അതൊന്നും ഞാന്‍ ചെയ്തതല്ല, എന്നെ കൊണ്ട് ചെയ്യിപ്പിച്ചതാണ്. അതിന്റെ എല്ലാ ക്രെഡിറ്റും എന്റെ സംവിധായകന്‍ പത്മരാജന്‍ സാറിനുള്ളതാണ്,” ശാരി പറഞ്ഞു.

പത്മരാജന്‍ മാസ്റ്റര്‍ തന്നെയാണ് തന്റെ സാധന എന്ന പേര് മാറ്റി ശാരിയക്കിയതെന്നും താരം പറഞ്ഞു.

”എന്റെ സാധന എന്ന പേര് സിനിമയില്‍ ശാരി എന്നാക്കിയത് പത്മരാജന്‍ സാറാണ്. സിനിമയില്‍ എനിക്ക് പേരിടല്‍ ചടങ്ങ് നടത്തിയത് അദ്ദേഹമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെ എന്റെ പേര് മാറ്റണം എന്ന ചര്‍ച്ചയുണ്ടായിരുന്നു.

സാധന എന്ന പേരിന് എന്താ കുഴപ്പം, നല്ല പേരല്ലേ എന്തിനാ മാറ്റുന്നത് എന്നൊക്കെ അവരോട് ചോദിച്ചു. ആ സമയത്ത് സാധന എന്ന പേരുള്ള ഒരു ആര്‍ട്ടിസ്റ്റ് മുമ്പേ തന്നെ ഉണ്ടായിരുന്നു. അത് കൊണ്ട് നല്ല ഒരു പേര് തെരഞ്ഞെടുത്ത് പറയാം എന്ന് പത്മരാജന്‍ സാര്‍ എന്നോട് പറഞ്ഞു. പിന്നീടാണ് ശാരി എന്ന പേരിലേക്ക് മാറ്റി എന്ന് പറയുന്നത്.

സാരി, ബ്ലൗസ് എന്നൊന്നും വേണ്ട സാര്‍, എന്റെ കൂട്ടുക്കാരും ബന്ധുക്കളുമൊക്കെ എന്നെ കളിയാക്കും സാര്‍, ആ പേര് വേണ്ട. സാധന എന്ന പേര് ഓക്കെയാണ് അത് തന്നെ മതി സാര്‍, നല്ല സൂപ്പര്‍ പേരാണ് സാര്‍ എന്നൊക്കെ ഞാന്‍ പത്മരാജന്‍ സാറിനോട് പറഞ്ഞു.

അപ്പോള്‍ അദ്ദേഹം ഇത് സാരിയല്ല, ശാരിയാണെന്ന് പറഞ്ഞു. എന്നോട് പത്ത് പ്രാവശ്യം ശാരി എന്ന പേര് പറഞ്ഞ് പഠിക്കാന്‍ അദ്ദേഹം പറഞ്ഞു. വീണ്ടും ഞാന്‍ സാരി എന്ന് തെറ്റിച്ച് പറഞ്ഞപ്പോള്‍ സാരിയല്ല, ശാരി എന്ന് പത്മരാജന്‍ സാര്‍ പറഞ്ഞ് തരും. അപ്പോഴാണ് ഞാന്‍ എന്റെ പേര് പഠിക്കാന്‍ തുടങ്ങിയത്. അങ്ങനെ എന്റെ പേര് ശാരിയായി,” ശാരി കൂട്ടിച്ചേര്‍ത്തു.

Content Highlight: sari said that it was Padmarajan Master himself who changed her name

We use cookies to give you the best possible experience. Learn more