ബാങ്കുകള്‍ കൊലയാളികളാകുമ്പോള്‍
ഷഫീഖ് താമരശ്ശേരി

കാനറാ ബാങ്കിന്റെ ജപ്തിനടപടിയെത്തുടര്‍ന്ന് കിടപ്പാടം നഷ്ടമാകുമെന്ന ഭീതിയില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ 19 വയസ്സുള്ള വൈഷ്ണവി എന്ന പെണ്‍കുട്ടിയും 44 വയസ്സുള്ള അവരുടെ അമ്മ ലേഖയും വീടിനകത്ത് തീ കൊളുത്തി മരിച്ച സംഭവം അങ്ങേയറ്റം ദാരുണമാണ്. ഇത്തരത്തിലൊരു സംഭവം കേരളീയ സമൂഹത്തിന് അപമാനകരവുമാണ്.

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2003 ലാണ് വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍ വീട് വെയ്ക്കാനായി വെറും അഞ്ച് ലക്ഷ്ം രൂപ കാനറാ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. പല സമയങ്ങളിലായി പലിശയടക്കം എട്ട് ലക്ഷത്തോളം രൂപ ഈ കുടംബം തിരിച്ചടച്ചിരുന്നു. പക്ഷേ ബാങ്കുകളുടെ കൊള്ളപ്പലിശ കാരണം ഇനിയും 6.5 ലക്ഷം രൂപ ഇവര്‍ക്ക് ബാക്കി കടമുണ്ടായിരുന്നു.

തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തിനടികളിലേക്ക് നീങ്ങി. വായ്പാ ബാധ്യതകള്‍ വന്നപ്പോള്‍ ഭര്‍ത്താവും അവരുടെ അമ്മയും കയ്യൊഴിഞ്ഞതിലുള്ള പരാതി കൂടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചാണ് അമ്മയും മകളും ജീവനൊടുക്കിയത്. ജീവിതത്തിന്റെ അത്യാഹിതഘട്ടങ്ങളില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ടി വരുന്ന സാധാരണക്കാരായ മനുഷ്യര്‍ നീണ്ട, കാലത്തെ അധ്വാനത്തിലൂടെ വായ്പയെടുത്തതിനേക്കാള്‍ കൂടുതല്‍ തുക തിരിച്ചടച്ചിട്ടും ഒടുവില്‍ ഇങ്ങനെ മരണത്തിന് കീഴടങ്ങേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമുണ്ട്-സര്‍ഫാസി നിയമം.

സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സര്‍ഫാസി. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിത്.

കടബാധ്യതകളും ജപ്തിയും കുടിയിറക്കും പലായനവും ആത്മഹത്യയുമെല്ലാം ഒരു പുതിയ വാര്‍ത്തയല്ലാതായിത്തീര്‍ന്ന ഈ നാട്ടില്‍ എരിതീയിലേക്ക് എണ്ണയെന്ന പോലെയാണ് സര്‍ഫാസി നിയമം കടന്നുവന്നത്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങുന്ന വന്‍കിടക്കാരെ പിടിക്കാനെന്ന വ്യാജേന 2002 ല്‍ പാര്‍ലമെന്റില്‍ നടപ്പിലാക്കപ്പെട്ട നിയമം, വന്‍കിടക്കാരെ സ്പര്‍ശിക്കുന്നില്ല എന്ന് മാത്രമല്ല ആയിരക്കണക്കിന് ദരിദ്രകുടുംബങ്ങളെ ഇതിനകം തെരുവിലാക്കുകയും ചെയ്തു.

കേരളവും ഇന്ന് സര്‍ഫാസി നിയമത്തിന്റെ പിടിയിലാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 1796 പേര്‍ക്കാണ് സര്‍ഫാസിയില്‍ കുടുങ്ങി കിടപ്പാടം നഷ്ടപ്പെട്ടത്. വയനാട്ടില്‍ 8370, തിരുവനന്തപുരത്ത് 1760, പാലക്കാട് 808, ഇടുക്കിയില്‍ 688 എന്നിങ്ങനെ 14000 ത്തോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിട്ട് കഴിയുന്നു. വയനാട്ടില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടോളം കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തതായാണ് കണക്ക്.


പ്രളയാനന്തര കേരളത്തില്‍ സര്‍ക്കാര്‍ വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നിലനില്‍ക്കുമ്പോള്‍ അതിന് പുല്ലുവില കല്‍പിക്കാതെയാണ് ബാങ്കുകള്‍ മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്നത്.

ബ്ലേഡ് ലോണ്‍ മാഫിയയുടെ പിടിയിലാണ് കേരത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും നഗരങ്ങളും. രോഗം, മരണം, വിവാഹം, വീടുവെക്കല്‍, വിദ്യാഭ്യാസം തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അടിയന്തിരമായി ആളുകള്‍ വായ്പ്പെയെടുക്കും. ബാങ്കുകള്‍ വഴി വായ്പകള്‍ നിഷേധിക്കപ്പെടുന്നവര്‍ സ്വകാര്യ പലിശ സംഘങ്ങളെ സമീപിക്കും. ഒരിക്കല്‍ ബ്ലേഡ് സംഘത്തിന്റെ പിടിയിലകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ ഏറെ പാടാണ്.

ചുരുങ്ങിയ പണത്തിനായി ബ്ലേഡ് സംഘങ്ങളെ സമീപിച്ച് അവരുടെ ചതിയില്‍പ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ട അനേകം കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാതെ, കൊള്ള ചെയ്യപ്പെട്ട പാവം കുടുംബങ്ങളെ തെരുവിലിറക്കാനാണ് നമ്മുടെ ഭരണസംവിധാനങ്ങളും പൊലീസും മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ ഖേദകരം.

കൊടുങ്ങല്ലൂരിലെ സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപാനങ്ങളുടെ വായ്പാ തട്ടിപ്പുകള്‍ക്കിരകളായി സ്ത്രീകള്‍ ആത്മഹത്യയിലേക്കെത്തിയ സംഭവം ഡൂള്‍ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമാനമായ സ്ഥിതിയാണ് എറണാകുളത്തെ വരാപ്പുഴയിലും. ഇവിടെയും നിരവധി അമ്മമാര്‍ കടക്കെണി മൂലം ജീവിതം അവസാനിപ്പിക്കേണ്ട ദുസ്ഥിതിയിലാണ്. ഡൂള്‍ന്യൂസ് ഇവരെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ഫാസി നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ രണ്ട് ആത്മഹത്യകള്‍ നടന്ന വയനാട്ടിലെ കര്‍ഷകകുടുംബത്തെക്കുറിച്ചും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നടുവണ്ണൂര്‍, നാദാപുരം ഭാഗങ്ങളിലും, പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും നിരവധി കുടുംബങ്ങള്‍ ജപ്തിനടപടികള്‍ക്ക് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നുണ്ട്. രേഖപ്പെടുത്തിയതും രോഖപ്പെടുത്താത്തതുമായ നിരവധി ആത്മഹത്യകള്‍ ഇവിടങ്ങളില്‍ സംഭവിക്കുന്നുമുണ്ട്.

എറണാകുളം മാനത്തുപാടത്തെ പ്രീതാ ഷാജിയുടെ സമരത്തോടുകൂടിയാണ് സര്‍ഫാസി ഇരകളുടെ പ്രശ്നങ്ങള്‍ പുറം ലോകം അറിഞ്ഞുതുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് ജാമ്യം നിന്ന മാനത്തുപാടം ഷാജിയുടെയും ഭാര്യ പ്രീതയും രണ്ട് കോട്ി 70 ലക്ഷം രൂപയുടെ കടക്കാരായി മാറുന്ന വിചിത്ര സംഭവമാണ് നമ്മള്‍ സര്‍ഫാസി നിയമത്തിലൂടെ കണ്ടത്.

ദീര്‍ഘനാളുകള്‍ നീണ്ട പോരാട്ടത്തിലൂടെ പ്രീതഷാജിയ്ക്ക് നീതി ലഭിച്ചു. പക്ഷേ, ഇനിയും പുറംലോകമറിയാതെ കടക്കെണിയില്‍പ്പെട്ടുകിടക്കുന്ന ആയിരണക്കണക്കിന് പ്രീതാഷാജിമാര്‍ കേരളത്തിലുണ്ട്.

എടുത്ത വായ്പ തിരിച്ചു നല്‍കണം എന്നത് സാമാന്യയുക്തിയായിരിക്കാം. പക്ഷേ, അനുദിനം കടങ്ങളില്‍ നിന്നും കടങ്ങളിലേക്ക് തള്ളപ്പെടുന്ന കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ഇന്ത്യയിലെ അടിസ്ഥാന ജനതയ്ക്ക് അന്തസ്സുള്ള ഒരു ജീവിത സാഹചര്യം ഒരുക്കിക്കൊടുക്കാന്‍ സാധിക്കാത്ത ഭരണകൂടം അവരുടെ മണ്ണും പുരയിടവും ഇത്തരം ചെറിയ കടങ്ങളുടെ പേരില്‍ പിടിച്ചെടുക്കുക എന്നത് എന്തുമാത്രം ക്രൂരത നിറഞ്ഞതാണ്.

തിരിച്ചടവ് മൂന്നുതവണ മുടങ്ങിയാല്‍ വായ്പ കാലാവധി പോലും പരിഗണിക്കാതെ ഈടായി നല്‍കുന്ന വസ്തുവകകള്‍ പിടിച്ചെടുക്കാനും വില്‍ക്കാനുമുള്ള അധികാരം ബാങ്കിന് നല്‍കുകയാണിവിടെ. കോടതികള്‍ക്ക് അധികാരമില്ലാത്തിടത്ത് തീര്‍പ്പുകല്‍പ്പിക്കാനുള്ള ചുമതല ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലാണ്. ഒരു നീതിന്യായ വിചാരണയുമില്ലാത്ത കടാശ്വാസമോ കടപരിഹാരമോ ഇല്ലാതെ അതിവേഗ പിടിച്ചെടുക്കല്‍ തീര്‍പ്പുകളാണ് ട്രിബ്യൂണല്‍ നടത്തുന്നത്. സമ്പന്നരുടെ ലക്ഷോപലക്ഷം കോടികള്‍ എഴുതിത്തള്ളുന്ന ഭരണകൂടമാണ് ദരിദ്രരുടെ ഉടുതുണി വരെ പറിച്ചെടുത്ത് അവരെ തെരുവില്‍ തള്ളുന്നത്.

കാര്‍ഷികാവശ്യങ്ങള്‍ക്കായി ലോണെടുക്കാത്ത കര്‍ഷകര്‍ ഇടുക്കിയിലും വയനാട്ടിലുമെല്ലാം വളരെ വിരളമാണ്. പ്രളയം കൂടി വന്നതോടെ ഇവരില്‍ മിക്കവരുടെയും സ്ഥിതി ദയനീയമാണ്. പുരയിടത്തിന്റെയും കൃഷിസ്ഥലത്തിന്റെയുമെല്ലാം ആധാരം ബാങ്കുകളില്‍ കിടക്കുന്ന വയനാട്ടിലെയും ഇടുക്കിയിലെയും കര്‍ഷകുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ട് പത്തും പതിനഞ്ചും വരുന്ന ഉദ്യോഗസ്ഥ വൃന്ദം ഗുണ്ടാസംഘങ്ങളെപ്പോലെ ഇവരുടെ വീടുകളിലേക്ക് ജപ്തിനോട്ടീസുമായി കടന്നു ചെല്ലുന്നത് പതിവ് കാഴ്ച്ചയാവുകയാണ്.

കേരളത്തില്‍ അസംഖ്യം ആളുകള്‍ ഇനിയും സര്‍ഫാസി ഇരകളായി മാറാനുള്ള സാധ്യതയാണ് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തിലെ വലിയൊരു ശതമാനം ജനതയും ഏതെങ്കിലും രീതിയില്‍ വായ്പയെടുത്തവരാണ്. കിടപ്പാടം തന്നെയാണ് ഇതില്‍ മിക്കവരുടെയും ഈട് വസ്തു. വയനാട്ടിലെ കര്‍ഷകര്‍, കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍, തൃശ്ശൂരിലെയും എറണാകുളത്തെയും തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍, ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍. ഇങ്ങനെ കേരളത്തിന്റെ ഗ്രാമ ഗ്രാമങ്ങളില്‍ ബാങ്കിനെ ഭയന്ന് ജീവിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്.

വായ്പയെടുത്ത പാവപ്പെട്ടവരുടെ കിടപ്പാടത്തില്‍ കണ്ണുനട്ടിരിക്കുന്ന ദേശീയ അന്തര്‍ദേശീയ കൊള്ളക്കാരില്‍ നിന്നും ഈ ദരിദ്രജനങ്ങളെ രക്ഷിക്കാന്‍ ഇവിടുത്തെ ജനാധിപത്യപരമെന്ന് പറയപ്പെടുന്ന ഭരണകൂടത്തിന് ബാധ്യതയുണ്ട്. പാവപ്പെട്ടവരെ കൊള്ളചെയ്യുന്ന സര്‍ഫാസി എന്ന ഈ ഭീകര നിയമത്തെ ചവറ്റുകൊട്ടയിലെറിയാനുള്ള ആര്‍ജ്ജവം രാജ്യത്തെ ലോകസഭാ മന്ദിരം കാണിക്കേണ്ടതുണ്ട്. ഇന്നലെ മരിച്ച വൈഷ്ണവിയെയും ലേഖയെയും പോലെ, പോയ മാസങ്ങളില്‍ മരണത്തിന് കീഴടങ്ങിയ വയനാട്ടിലെയും ഇടുക്കിയിലെയുമെല്ലാം കര്‍ഷകരെ പോലെ തുച്ഛമായ കടങ്ങള്‍ക്ക് വേണ്ടി ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന ഗതികേട് ഒരു മനുഷ്യനും വരാതിരിക്കാനുള്ള രാഷ്ട്രീയതീരുമാനങ്ങള്‍ നമ്മുടെ ഭരണകൂടങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്.

 

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍