ലഗാനിലെ ആമിർ ഖാനെ പോലെയാണ് അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്: സർഫറാസ്‌ ഖാൻ
Cricket
ലഗാനിലെ ആമിർ ഖാനെ പോലെയാണ് അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്: സർഫറാസ്‌ ഖാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th September 2024, 8:39 am

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍. രോഹിത്തിന്റെ കീഴില്‍ കളിക്കുന്നത് താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് സര്‍ഫറാസ് പറഞ്ഞത്.

‘രോഹിത് ശര്‍മ എനിക്കൊരു വലിയ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് കീഴില്‍ കളിക്കുന്നത് ഞാന്‍ വളരെയധികം ആസ്വദിക്കുന്നു. അദ്ദേഹം വളരെ റിലാക്‌സ്ഡായാണ് തന്റെ ജോലികള്‍ ചെയ്യുക. അദ്ദേഹത്തെപോലൊരു സീനിയര്‍ താരം ഞങ്ങളോടൊപ്പം ഉള്ളത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ലഗാനില്‍ ആമീര്‍ ഖാന്‍ ചെയ്ത പോലെ അദ്ദേഹം മികച്ച ഒരു ടീമിനെ ഉണ്ടാക്കി,’ സര്‍ഫറാസ് ഖാന്‍ ജിയോ സിനിമയിലൂടെ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് രോഹിത്തിന്റെ കീഴിലായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഇന്ത്യ കിരീടം ചൂടിയത്.

ലോകകപ്പില്‍ ബാറ്റിങ്ങില്‍ മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. എട്ട് ഇന്നിങ്സുകളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 281 റണ്‍സാണ് രോഹിത് നേടിയത്. 35.12 ആവറേജിലും 124.33 സ്ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്.

അതേസമയം ഇന്ത്യക്കായി ഈ വര്‍ഷമാണ് സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റം കുറിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 200 റണ്‍സാണ് താരം നേടിയത്. മൂന്ന് ഫിഫ്റ്റിയും താരം നേടിയിട്ടുണ്ട്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ പരമ്പരയിലും സര്‍ഫറാസ് ഇടം നേടിയിട്ടിട്ടുണ്ട്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ടു മത്സരങ്ങളും ശ്രീലങ്ക വിജയിച്ചുകൊണ്ട് സീരീസ് വിജയം ഉറപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ പരമ്പരയില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Sarfaraz Khan Talks About Rohit Sharma