Sports News
ബംഗ്ലാദേശിനോടുള്ള പരമ്പരയല്ല ലക്ഷ്യം; പ്രസ്താവനയുമായി സര്‍ഫറാസ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 17, 02:56 am
Saturday, 17th August 2024, 8:26 am

2024ലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരമാണ് സര്‍ഫറാസ് ഖാന്‍. മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 200 റണ്‍സും 68 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും നേടാന്‍ താരത്തിന് സാധിച്ചിരുന്നു. രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായിട്ടാണ് സര്‍ഫറാസ് തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ തന്റെ അരങ്ങേറ്റടെസ്റ്റിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ആഭ്യന്തര മത്സരത്തില്‍ മുംബൈയുടെ തുറുപ്പ്ചീട്ടാണ് സര്‍ഫറാസ്. ഇപ്പോള്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ച ബുച്ചി ബാബു ടൂര്‍ണമെന്റില്‍ മുംബൈയെ നയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇതോടെ മികച്ച പ്രകടനം പുറത്തെടുക്കാനും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുമുള്ള ഒരുക്കത്തിലാണ് സര്‍ഫറാസ്. ഇപ്പോള്‍ താരം തന്റെ അടുത്ത പ്ലാനിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

‘എനിക്കും അച്ഛനും ഒരു സ്വപ്ന്മുണ്ടായിരുന്നു. ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചപ്പോള്‍ അത് നേടിയെടുത്തു. പക്ഷെ അത് എന്നെ സംബന്ധിച്ചിടത്തോളം അവസാനമല്ല. എനിക്ക് ഒരുപാട് കഠിനാധ്വാനം ചെയ്യണം, എനിക്ക് വിശ്രമിക്കാന്‍ കഴിയില്ല. ഞാന്‍ ബംഗ്ലാദേശ് പരമ്പരയിലേക്ക് നോക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങല്‍ പിന്തുടരുകയാണ്, ഞാന്‍ എന്നെ തയ്യാറാക്കിയെടുക്കുകയാണ്. തയ്യാറാക്കുകയും വേണം,’ സര്‍ഫറാസ് പറഞ്ഞു.

എന്നാല്‍ ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നതിനാല്‍ ബംഗ്ലാദേശിനും ന്യൂസിലാന്‍ഡിനുമെതിരായ ഹോം പരമ്പരകളില്‍ സര്‍ഫറാസിന്റെ സ്ഥാനം സ്ഥിരീകരിച്ചിട്ടില്ല.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ടി-20 പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 6ന് ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയം, ഗ്വാളിയോറിലും രണ്ടാം മത്സരം ഒക്ടോബര്‍ 9ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹിയിലും നടക്കും. മൂന്നാം മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.

 

Content Highlight: Sarfaraz Khan Talking About His Cricket Plan