സര്‍ഫറാസ് ഖാന്‍, കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സജീവമായി ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഒന്നാണത്. സ്ഥിരതയാര്‍ന്ന, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സെലക്ടര്‍മാര്‍ തുടർച്ചയായി തഴയുന്ന താരമാണ് സര്‍ഫറാസ് ഖാന്‍.
രഞ്ജി ക്രിക്കറ്റില്‍ സര്‍ഫറാസ് റണ്ണടിച്ചുകൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും റെഡ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി സര്‍ഫറാസിന് ഇനിയും വിളിയെത്തിയിട്ടില്ല.
ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ആദ്യ രണ്ട് മത്സരത്തിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സര്‍ഫറാസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് താനും.
ടി-20യില്‍ മാത്രം മികച്ച പ്രകടനം കാഴ്ചവെക്കുന്ന, ഏകദിനത്തില്‍ പോലും ഇനിയും ആ താളം കണ്ടെത്താന്‍ സാധിക്കാത്ത സൂര്യകുമാറിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം മനസിലാവുന്നില്ല. സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയതിനല്ല, മറിച്ച് സര്‍ഫറാസിനെ തഴഞ്ഞ് സൂര്യകുമാറിനെയും ഇഷാനെയും ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ടീമിന്റെ നിലപാടിനെയും സെലക്ടര്‍മാരുടെ ഫേവററ്റിസത്തെയുമാണ് ചോദ്യം ചെയ്യേണ്ടത്.
ടീമില്‍ ഉള്‍പ്പെടുത്താത്തതിന് മറുപടി സര്‍ഫറാസ് നല്‍കിയത് ബാറ്റ് കൊണ്ടായിരുന്നു. വീണ്ടുമൊരു ക്ലാസ് സെഞ്ച്വറി. രഞ്ജിയില്‍ ദല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ ബാറ്റിങ് തകര്‍ച്ച നേരിടുമ്പോഴായിരുന്നു സര്‍ഫറാസ് ക്രീസിലെത്തിയത്. ശേഷം താന്‍ എന്നും ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതെന്തോ അത് തന്നെയാണ് അവന്‍ 22 യാര്‍ഡിനുള്ളില്‍ വെച്ച് സെലക്ടര്‍മാര്‍ക്ക് കാണിച്ചുകൊടുത്തത്.
ഈ പ്രകടനം കണ്ടെങ്കിലും സെലക്ടര്‍മാര്‍ സ്‌കില്‍സും ടാലന്റെും അടിസ്ഥാനപ്പെടുത്തി ടീം സെല്ക്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. കാരണം ഈ സീസണില്‍ മാത്രം ഇതിന് മുമ്പ് സര്‍ഫറാസ് രണ്ട് സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യന്‍ ടീമില്‍ എന്നോ സ്ഥാനം ലഭിക്കേണ്ടിയിരുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. എന്നാല്‍ ഒരിക്കല്‍ പോലും അതുണ്ടായില്ല. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ സര്‍ഫറാസ് ടീമില്‍ ഉള്‍പ്പെടുമെന്ന് സെലക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവിടെയും താരം തഴയപ്പെട്ടു.
അതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ
‘ബെംഗളൂരുവില്‍ വെച്ച് നടന്ന രഞ്ജി ട്രോഫി ഫൈനലിനിടയില്‍ ഞാന്‍ സെലക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുമെന്നും ഒരുങ്ങി ഇരുന്നുകൊള്ളുവാനും സെലക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷവും അവരെന്നെ ടീമിലെടുത്തില്ല. അടുത്തിടെ മുംബൈയില്‍ വെച്ച് സെലക്ടര്‍ ചേതന്‍ ശര്‍മയെയും ഞാന്‍ കണ്ടിരുന്നു. നിരാശപ്പെടേണ്ട, അവസരം ലഭിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. മികച്ച പ്രകടനം നടത്തുമ്പോള്‍ ടീമിലെത്താന്‍ സാധിക്കും എന്ന എന്റെ പ്രതീക്ഷയും കൂടുമല്ലോ,’ എന്നാണ് സര്‍ഫറാസ് പറയുന്നത്.
ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. നിലവില്‍ ഇന്ത്യക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഏറ്റവും മികച്ച ബാറ്ററാണ് സര്‍ഫറാസ്. കയ്യിലുള്ള മാണിക്യത്തെ കുപ്പയിലേക്ക് വലിച്ചെറിയുക മാത്രമാണ് ഇത്രയും നാള്‍ ബി.സി.സി.ഐ ചെയ്തുകൊണ്ടിരുന്നത്.
നമുക്കൊന്ന് സര്‍ഫറാസിന്റെ ബാറ്റിങ് കണക്കുകളിലൂടെ ഒന്ന് കണ്ണോടിക്കാം.
കരിയറിലിതുവരെ 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് സര്‍ഫറാസ് കളിച്ചത്. 36 മാച്ചിലെ 52 ഇന്നിങ്‌സുകളില്‍ നിന്നുമായി 80.47 എന്ന ശരാശരയില്‍ 3380 റണ്‍സ്. ഹൈ സ്‌കോര്‍ 301 നോട്ട് ഔട്ട്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററായ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് ശേഷം ഫസ്റ്റ് ക്ലാസില്‍ 80+ ആവറേജുള്ള ഏക താരം.
69.89 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 13 സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറികളടക്കമാണ് സര്‍ഫറാസ് റണ്‍സ് സ്വന്തമാക്കിയത്.
ഓസീസിനെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ മാത്രമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ആ പരമ്പരയില്‍ സര്‍ഫറാസും അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.
Content Highlight: Sarfaraz Khan scores another century in Ranji Cricket