| Saturday, 19th October 2024, 11:15 am

വെടിക്കെട്ട് സെഞ്ച്വറിയുമായി മിന്നല്‍ സര്‍ഫറാസ്, അര്‍ധസെഞ്ച്വറി നേടി പന്ത്; കിവീസിനെതിരെ ഇന്ത്യ ലീഡിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ന്യൂസിലാന്‍ഡുമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സ് ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ 46 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 402 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ച്ച വെക്കുകയായിരുന്നു.

നാലാം ദിനം ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് നേടിയത്. എന്നാല്‍ മഴ കാരണം മത്സരം നിലവില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നത് സര്‍ഫറാസ് ഖാനും റിഷബ് പന്തുമാണ്. നിലവില്‍ 154 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 125 റണ്‍സ് നേടി സര്‍ഫറാസ് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഇന്റര്‍നാഷണല്‍ ടെസ്റ്റില്‍ തന്റെ ആദ്യ സെഞ്ച്വറിയാണ് താരം നേടിയത്. അതേസമയം 56 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ പന്തിനും സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളും മടങ്ങിയത്. ജെയ്‌സ്വാള്‍ 35 റണ്‍സിന് മടങ്ങിയപ്പോള്‍ ഹിറ്റ്മാന്‍ 63 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറും അടക്കം 52 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്.

 സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ച് പുറത്താവുകയായിരുന്നു. കിവീസിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് ഒരു വിക്കറ്റുമാണ് നിലവില്‍ വീഴ്ത്തിയത്.

Content Highlight: Sarfaraz Khan Made His Debut Century Against New Zealand

We use cookies to give you the best possible experience. Learn more