| Thursday, 14th March 2024, 9:11 am

ചേട്ടന്റെയല്ലേ അനിയന്‍; അന്ന് സര്‍ഫറാസ്, ഇന്ന് മുഷീര്‍; എന്നാല്‍ സര്‍ഫറാസിന്റെ അവസ്ഥ വരല്ലേ എന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി 2024 ഫൈനലില്‍ മുംബൈ വിദര്‍ഭയെ നേരിടുകയാണ്. നാലാം ദിവസം കളിയവസാനിക്കുമ്പോള്‍ 248ന് അഞ്ച് എന്ന നിലയിലാണ് വിദര്‍ഭ ബാറ്റിങ് തുടരുന്നത്. അവസാന ദിവസം അഞ്ച് വിക്കറ്റ് ശേഷിക്കെ 90 ഓവറില്‍ 290 റണ്‍സാണ് വിദര്‍ഭക്ക് വിജയിക്കാന്‍ ആവശ്യമുള്ളത്.

മുംബൈ ഉയര്‍ത്തിയ 538 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുന്ന വിദര്‍ഭക്കായി 91 പന്തില്‍ 56 റണ്‍സുമായി ക്യാപ്റ്റന്‍ അക്ഷയ് വഡ്കറും 10 പന്തില്‍ 11 റണ്‍സുമായി ഹര്‍ഷ് ദുബെയുമാണ് ക്രീസില്‍. 220 പന്തില്‍ 74 റണ്‍സ് നേടിയ കരുണ്‍ നായരാണ് വിദര്‍ഭ നിരയില്‍ കരുത്തായ മറ്റൊരു താരം.

മുംബൈയുടെ രണ്ടാം ഇന്നിങ്‌സില്‍ മുഷീര്‍ ഖാന്റെ സെഞ്ച്വറി കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 326 പന്ത് നേരിട്ട് 136 റണ്‍സ് നേടിയാണ് മുഷീര്‍ ഖാന്‍ പുറത്തായത്. ഇതോടെ രഞ്ജി ഫൈനലില്‍ മുംബൈക്കായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡും ഈ 19കാരന്‍ സ്വന്തമാക്കിയിരുന്നു.

മുഷീറിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും (143 പന്തില്‍ 73) ശ്രേയസ് അയ്യര്‍ (111 പന്തില്‍ 95) എന്നിവരാണ് മുംബൈക്കായി റണ്ണടിച്ച മറ്റ് താരങ്ങള്‍.

ഈ ഫൈനലില്‍ മുഷീര്‍ ഖാന്‍ മുംബൈയുടെ ടോപ് സ്‌കോററായതിന് പിന്നാലെ രണ്ട് വര്‍ഷം മുമ്പ് നടന്ന മുംബൈ – മധ്യപ്രദേശ് ഫൈനലും ആരാധകരും ചര്‍ച്ചയാക്കുകയാണ്. മുംബൈ ആറ് വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിലെ ടോപ് സ്‌കോറര്‍ മുഷീറിന്റെ സഹോദരന്‍ സര്‍ഫറാസ് ആയിരുന്നു എന്നതാണ് ആരാധകരുടെ ചര്‍ച്ചാ വിഷയം.

മത്സരത്തില്‍ 243 പന്ത് നേരിട്ട് 134 റണ്‍സ് നേടിയാണ് സര്‍ഫറാസ് മുംബൈയുടെ ടോപ് സ്‌കോററായത്. അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളും മികച്ച പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍ യാഷ് ദുബെയുടെയും രജത് പാടിദാറിന്റെയും സെഞ്ച്വറി കരുത്തില്‍ മധ്യപ്രദേശ് വിജയം സ്വന്തമാക്കുകയായിരുന്നു.

സ്‌കോര്‍

മുംബൈ – 374 & 269

മധ്യപ്രദേശ് – 536 & 108/4

ഒരു വര്‍ഷത്തിനിപ്പുറം മുംബൈ വീണ്ടും ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് 48ാം തവണയാത് മുംബൈ രഞ്ജി ഫൈനല്‍ കളിക്കുന്നത്. ഇതിന് മുമ്പ് 46 ഫൈനലില്‍ നിന്നും 41 കിരീടം സ്വന്തമാക്കിയ മുംബൈ ഇത്തവണ 42 ആയി ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ 2022ല്‍ പൊരുതിയിട്ടും തോറ്റുപോയ സര്‍ഫറാസിന്റെ വിധി മുഷീറിന് ഉണ്ടാകരുതെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

മുംബൈക്കായി മികച്ച പ്രകടനമാണ് മുഷീര്‍ പുറത്തെടുത്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബറോഡക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയ മുഷീര്‍ സെമിയില്‍ തമിഴ്‌നാടിനെതിരെ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. ഫൈനലില്‍ സെഞ്ച്വറിയടിച്ചാണ് താരം തരംഗമായത്.

Content highlight: Sarfaraz Khan in 2022 and Musheer Khan in 2024 scored the most runs for Mumbai in a Ranji Trophy final.

We use cookies to give you the best possible experience. Learn more