ഇറാനി കപ്പില്‍ വിജയത്തിലേക്ക് ഓടിയടുക്കുകയാണ് രഞ്ജി ചാമ്പ്യന്‍മാരായ മുംബൈ. ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സിന്റെ ലീഡ് നേടിയ രഹാനെയുടെ സംഘം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ്.
മുംബൈ ഉയര്‍ത്തിയ 516 റണ്‍സ് മറികടന്ന് ലീഡ് ഉയര്‍ത്താനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ 416ന് പുറത്തായി. 191 റണ്‍സടിച്ച അഭിമന്യു ഈശ്വരന്റെയും 93 റണ്‍സ് നേടിയ ധ്രുവ് ജുറെലിന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്.
നേരത്തെ ടോസ് നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ സര്‍ഫറാസ് ഖാന്റെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, തനുഷ് കോട്ടിയന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ടീമിന് തുണയായി.
തന്റെ ഇരട്ട സെഞ്ച്വറിയെ കുറിച്ച് സംസാരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. താന്‍ നേടിയ ഇരട്ട സെഞ്ച്വറിയില്‍ നൂറ് റണ്‍സ് തന്റേതും നൂറ് റണ്‍സ് സഹോദരന്‍ മുഷീറിന്റേതുമാണെന്നാണ് സര്‍ഫറാസ് പറയുന്നത്.
പരിക്കേറ്റ മുഷീറിന് ഇറാനി കപ്പ് നഷ്ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ഫറാസിന്റെ പ്രസ്താവന.
‘എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ ആഴ്ചയാണ് കടന്നുപോയത്. മികച്ച രീതിയില്‍ കളിക്കുകയാണെങ്കില്‍ 200 റണ്‍സ് നേടുമെന്ന് ഞാന്‍ എന്റെ കുടുംബത്തിനും സഹതാരങ്ങള്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. 200 റണ്‍സില്‍ നൂറ് റണ്‍സ് എനിക്ക് വേണ്ടിയും നൂറ് മുഷീറിന് വേണ്ടിയും സ്‌കോര്‍ ചെയ്യുമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.
മുഷീര്‍ ഈ മത്സരം കളിച്ചിരുന്നെങ്കില്‍ അബ്ബു (പിതാവ് നൗഷാദ് ഖാന്‍) ഇതിനേക്കാളേറെ അഭിമാനിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവന് അപകടം സംഭവിച്ചു. ഇക്കാരണത്താല്‍ ഏത് വിധേനയും ഈ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടണമെന്ന് ഞാന്‍ ഉറപ്പിച്ചു,’ സര്‍ഫറാസ് പറഞ്ഞു.
ഇറാനി കപ്പിന് മുമ്പാണ് സര്‍ഫറാസിന്റെ സഹോദരനും മുംബൈ സൂപ്പര്‍ താരവുമായ മുഷീര്‍ ഖാന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ അസംഗഡില്‍ നിന്നും ലഖ്നൗവിലേക്ക് വരവെയാണ് മുഷീറിനും പിതാവ് നൗഷാദ് ഖാനും പരിക്കേറ്റത്.
ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‌വേയിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഇരുവരും ആശുപത്രി വിടുകയും ചെയ്തിരുന്നു.
ഇറാനി കപ്പ് താരത്തിന് നഷ്ടമായെങ്കിലും വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ മുഷീര്‍ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനി കപ്പില്‍ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് സര്‍ഫറാസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം സര്‍ഫറാസിനെ അഭിനന്ദിച്ചത്.
ഇതിന് പുറമെ മറ്റൊരു സ്റ്റോറിയും അദ്ദേഹം പങ്കുവെച്ചിരുന്നു. സര്‍ഫറാസ് ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന വീഡിയോ പങ്കുവെച്ച് ‘നൂറ് റണ്‍സ് സര്‍ഫറാസിന്റെയും നൂറ് റണ്‍സ് മുഷീറിന്റെയും’ എന്നാണ് സൂര്യ കുറിച്ചത്.
മത്സരത്തില്‍ സര്‍ഫറാസിനൊപ്പം കളത്തിലിറങ്ങേണ്ടിയിരുന്ന മുഷീര്‍ പരിക്കിന് പിന്നാലെ പുറത്തായിരുന്നു. ഇത് ഓര്‍മിപ്പിക്കുന്നതായിരുന്നു സൂര്യയുടെ സ്റ്റോറി.
Content Highlight: Sarfaraz Khan dedicated part of his runs to his brother Musheer Khan