ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരവും സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. സ്വന്തം മണ്ണില്‍ പാകിസ്ഥാന്റെ ടെസ്റ്റ് വിജയത്തിനുള്ള ആരാധകരുടെ കാത്തിരിപ്പ് നീട്ടിക്കൊണ്ടാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റും സമനിലയില്‍ കലാശിച്ചത്.
രണ്ടാം മത്സരവും പരമ്പരയും സമനിലയില്‍ കലാശിച്ചെങ്കിലും പാകിസ്ഥാന്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക ആ മത്സരത്തിലുണ്ടായിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ താരം സര്‍ഫറാസ് അഹമ്മദിന്റെ സെഞ്ച്വറിയുടെ രൂപത്തിലായിരുന്നു പാകിസ്ഥാന്‍ ആരാധകരെ സന്തോഷം തേടിയെത്തിയത്.
നീണ്ട എട്ട് വര്‍ഷത്തിന് ശേഷമാണ് സര്‍ഫറാസ് ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഇതിനൊപ്പം തന്നെ നാല് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് താരം പാകിസ്ഥാനായി ടെസ്റ്റ് കളിക്കുന്നത് എന്ന കാര്യവും ചേര്‍ത്തുവെക്കണം. ആ മത്സരത്തില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററാവാന്‍ സാധിച്ചത് മറ്റൊരു യാദൃശ്ചികത.
നേരത്തെ സര്‍ഫറാസ് ഇനി പാകിസ്ഥാന്‍ ടീമിലേക്ക് തിരിച്ചെത്തില്ല എന്ന് പോലും കരുതിയിരുന്നു. എന്നാല്‍ നജാം സേഥി പി.സി.ബി ചെയര്‍മാനും ഷാഹിദ് അഫ്രിദി സെലക്ടറുമായും എത്തിയതോടെയാണ് സര്‍ഫറാസിന് ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമായത്.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സര്‍ഫറാസ് 109 പന്തില്‍ നിന്നും 78 റണ്‍സ് നേടി പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 319 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോഴായിരുന്നു വിന്റേജ് സര്‍ഫറാസ് ഒരിക്കല്‍ക്കൂടി പാകിസ്ഥാനായി അവതരിച്ചത്.
135 പന്തില്‍ നിന്നുമായിരുന്നു സര്‍ഫറാസ് സെഞ്ച്വറി തികച്ചത്. 98ല്‍ നില്‍ക്കവെ ഡബിള്‍ ഓടിയെടുത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയ സര്‍ഫറാസിന്റെ ഇമോഷണല്‍ സെലിബ്രേഷനും ആരാധകരെ സന്തോഷത്തിലാക്കി. നിറഞ്ഞ കയ്യടികളോടെയാണ് സഹതാരങ്ങളും കുടുംബവും ക്രൗഡും താരത്തിന്റെ തിരിച്ചുവരവിനെ ആഘോഷമാക്കിയത്.
സെഞ്ച്വറിക്ക് ശേഷംവും ബാറ്റിങ് തുടര്‍ന്ന സര്‍ഫറാസ് 176 പന്തില്‍ നിന്നും 118 റണ്‍സ് നേടി പുറത്തായി. മൈക്കല്‍ ബ്രേസ്വാളിന്റെ പന്തില്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കിയായിരുന്നു സര്‍ഫറാസിന്റെ മടക്കം.
അതേസമയം, 319 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിരുന്നു. അഞ്ചാം ദിവസം അവസാനിച്ചതോടെയാണ് മത്സരം സമനിലയിലായത്.