| Wednesday, 22nd June 2022, 7:01 pm

രോഹിത് ശര്‍മയ്ക്ക് ശേഷം തെരുവില്‍ ക്രിക്കറ്റ് കളിച്ച് മുന്‍ പാക് നായകന്‍; അഞ്ച് വയസ്സുകാരന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

തെരുവില്‍ ക്രിക്കറ്റ് കളിച്ച് മുന്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ്. തന്റെ അഞ്ച് വയസ്സുകാരന്‍ മകന്‍ അബ്ദുള്ളയ്‌ക്കൊപ്പമാണ് മുന്‍ പാക് നായകന്‍ ഗള്ളി ക്രിക്കറ്റ് കളിച്ചത്.

മകന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുന്ന സര്‍ഫറാസ് ഖാന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാവുന്നത്. അബ്ദുള്ളയുടെ പന്തില്‍ താരം ഔട്ടാവുന്നതും ചുറ്റും കൂടി നിന്ന ആളുകള്‍ മകനെ സപ്പോര്‍ട്ട് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.

പാകിസ്ഥാനെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിച്ച നായകനാണ് മകന്റെ ബൗളിങിന് മുമ്പില്‍ പതറിയത്. അബ്ദുള്ളയെറിഞ്ഞ യോര്‍ക്കര്‍ സര്‍ഫറാസിന്റെ കുറ്റി തെറിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.

നേരത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈയില്‍ ഗള്ളി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു.

തന്റെ മകനെ സ്‌പോര്‍ട്‌സ് കരിയറിലേക്ക് പറഞ്ഞയക്കാന്‍ താത്പര്യമില്ലെന്ന് സര്‍ഫറാസ് നേരത്തെ പറഞ്ഞിരുന്നു. ക്രിക്കറ്റ് ഒരു കരിയറായി കൊണ്ടുപോകേണ്ടെന്നായിരുന്നു സര്‍ഫറാസ് നേരത്തെ പറഞ്ഞത്. എന്നാല്‍ കുട്ടിത്താരത്തിന് ക്രിക്കറ്റില്‍ ഏറെ ശോഭിക്കാന്‍ സാധിക്കുമെന്നാണ് ഈ പ്രകടനം വ്യക്തമാക്കുന്നത്.

തന്റെ കുടുംബത്തിലെ ആരെങ്കിലും ക്രിക്കറ്റ് താരങ്ങള്‍ ആകുന്നുണ്ടെങ്കില്‍ അവരെ (സഹോദരന്‍, മകന്‍) എത്രയും പെട്ടന്ന് തന്നെ ടീമിലെടുക്കണമെന്നും അല്ലെങ്കില്‍ അത് തന്നെ സംബന്ധിച്ച് തീരാത്ത വേദനയാകുമെന്നും സര്‍ഫറാസ് ഒരു പ്രാദേശിക ചാനലില്‍ പറഞ്ഞിരുന്നു.

‘അബ്ദുള്ള ക്രിക്കറ്റിനെ വളരെ പാഷനേറ്റായിട്ടാണ് കാണുന്നത്. എന്നാല്‍ അവനെ ഒരു ക്രിക്കറ്റ് താരമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ പലതും ഞാന്‍ അനുഭവിച്ചിട്ടുണ്ട്.

ഞാന്‍ ഒരു ക്രിക്കറ്റ് താരമായതിനാല്‍ എന്റെ മകനേയോ സഹോദരനേയോ ഉടന്‍ തന്നെ തെരഞ്ഞെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാത്തപക്ഷം അതെനിക്ക് വളരെയധികം വേദനയുണ്ടാക്കും,’ സര്‍ഫറാസ് പറഞ്ഞു.

2007ലാണ് സര്‍ഫറാസ് തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. പാകിസ്ഥാന് വേണ്ടി ഇതുവരെ 49 ടെസ്റ്റും 117 ഏകദിനങ്ങളും 61 ടി-20 മത്സരവും താരം കളിച്ചിട്ടുണ്ട്.

CONTENT HIGHLIGHT: Sarfaraz Ahmed clean bowled by five-year-old son, video goes viral

We use cookies to give you the best possible experience. Learn more