| Friday, 19th August 2022, 12:50 pm

ആ ഒരു കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുകളിലാണ്, ഏഷ്യാ കപ്പില്‍ ഞങ്ങള്‍ ജയിക്കും; ഇന്ത്യയെ വെല്ലുവിളിച്ച് മുന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനുമായി ഏറ്റുമുട്ടും. ഓഗസ്റ്റ് 28ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക. 2021 ട്വന്റി-20 ലോകകപ്പിന് ശേഷം ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരമായിരിക്കും ഏഷ്യാ കപ്പിലേത്.

ശ്രീലങ്കയിലായിരുന്നു ഏഷ്യാ കപ്പ് ആദ്യം ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ ലങ്കയിലെ സാമ്പത്തിക പ്രതിസന്ധികളും സമരങ്ങളും കാരണം യു.എ.യിലേക്ക്  മാറ്റിവെക്കുകയായിരുന്നു.

യു.എ.ഇ മണ്ണില്‍ ഇന്ത്യക്കും പാകിസ്ഥാനും ഒരുപാട് പരിചയസമ്പത്തുണ്ട്. എന്നാല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ജയിക്കുമെന്നാണ് ടീമിന്റെ മുന്‍ നായകനായിരുന്ന സര്‍ഫറാസ് പറയുന്നത്.

ഇന്ത്യക്ക് കഴിഞ്ഞ വര്‍ഷത്തെ തോല്‍വി മനസിലുണ്ടാകുമെന്നും പാകിസ്ഥാന്‍ കോണ്‍ഫിഡന്റായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വെച്ച് തന്നെ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ പത്ത് വിക്കറ്റിന് തകര്‍ത്തിരുന്നു.

പാകിസ്ഥാന് യു.എ.ഇ പിച്ചില്‍ കൂടുതല്‍ പരിചയസമ്പന്നതയുണ്ടെന്നും മത്സരത്തില്‍ അത് അനുകൂലമാകുമെന്നും സര്‍ഫറാസ് പറഞ്ഞു.

‘ഇന്ത്യയെക്കാള്‍ പാകിസ്ഥാന് ദുബായ് ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം. ഞങ്ങള്‍ ഇവിടെയാണ് പി.എസ്.എല്‍ കളിക്കുന്നത്. ഇന്ത്യയും യു.എ.ഇയില്‍ ഐ.പി.എല്‍ കളിച്ചിട്ടുണ്ട്, പക്ഷേ പാകിസ്ഥാന്റെ അത്ര പരിചയസമ്പത്ത് അവര്‍ക്കില്ല,’ സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

ഇതേ ഗ്രൗണ്ടിയാരുന്നു ഇന്ത്യ കഴിഞ്ഞ വര്‍ഷം പാകിസ്ഥാനുമായി തോറ്റത്. എന്നാല്‍ ഗ്രൗണ്ടിന് പുറമെ ടീമിന്റെ പ്രധാന വജ്രായുധമായ ഷഹീന്‍ അഫ്രീദിയേയും ടീമിനാവശ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യക്ക് 2022 ല്‍ മികച്ച് ട്വന്റി-20 റെക്കോഡാണുള്ളതെന്നും സറഫറാസ് പറഞ്ഞു.

‘കണ്ടീന്‍സിന് പുറമെ, ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീമിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഷഹീന്‍ അഫ്രീദി ഫിറ്റായി തിരിച്ചെത്തുക എന്നതാണ്. ഇന്ത്യക്ക് ടി-20 ക്രിക്കറ്റില്‍ 2022 മികച്ച വര്‍ഷമായിരുന്നു,’ സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി-20 പരമ്പര പങ്കിട്ട ഇന്ത്യ അയര്‍ലന്‍ഡിനെതിരെയും, ഇംഗ്ലണ്ടിനെതിരെയും, വെസ്റ്റ് ഇന്‍ഡീസിനെതിരെയും പരമ്പര സ്വന്തമാക്കിയിരുന്നു. നിലവില്‍ സിംബാബ്‌വെക്കെതിരെ ഏകദിന പരമ്പര കളിക്കുകയാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയിരുന്നു.

Content Highlight: Sarfaraz Ahmed Challenges Indian Cricket team ahead of asia cup

We use cookies to give you the best possible experience. Learn more