സര്‍ഫാസി ഇരകള്‍ അവസാനിക്കുന്നില്ല; നാണുവിനെയും കുടുംബത്തേയും കാലിത്തൊഴുത്തിലാക്കി സഹകരണ ബാങ്ക്

നിമിഷ ടോം

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശി നാണുവും കുടുംബവും താമസിക്കുന്നത് കാലിത്തൊഴുത്തില്‍. വീടും പുരയിടവും ജില്ലാ സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തതിനെത്തുടര്‍ന്നാണ് രോഗിയായ ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന നാണുവിന്റെ കുടുംബം വീട് വിട്ടിറങ്ങേണ്ടി വന്നത്. മുന്ന് ലക്ഷം രൂപ വായ്പയെടുത്ത നാണു ആറ് ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത്രയും തുക ഈ മാസം അവസാനത്തോടെ തിരിച്ചടച്ചാല്‍ വീട് ജപ്തി ചെയ്യുന്ന നടപടി അവസാനിപ്പിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

ജപ്തി ചെയ്ത വീട്‌

മാര്‍ച്ച് മൂന്നിനാണ് ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിച്ച് കുടുംബത്തെ പുറത്താക്കിയത്. അംഗപരിമിതനായ നാണുവിന്റെ ഏക വരുമാനം തുച്ഛമായ പെന്‍ഷന്‍ തുക മാത്രമാണ്. ഇത്രയും വലിയ തുക ഒന്നിച്ച് അടക്കാനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിന്റെ കുടുംബത്തിനില്ല. ഗഡുക്കളായി വായ്പ തിരിച്ചടക്കാന്‍ തയ്യാറാണെന്ന് ബാങ്കിനെ അറിയിച്ചെങ്കിലും നാണുവിന്റെ ആവശ്യം നിഷേധിക്കപ്പെട്ടു. സ്‌കൂള്‍ പ്യൂണായി വിരമിച്ച നാണു കാര്‍ഷിക വായ്പക്കായിട്ടായിരുന്നു കുറ്റ്യാടി സഹകരണ ബാങ്കിനെ സമീപിച്ചത്. എന്നാല്‍ കാര്‍ഷിക വായ്പ നിരസിച്ച ബാങ്ക് താരതമ്യേന കൂടുതല്‍ പലിശ ലഭിക്കുന്ന ഗാര്‍ഹിക ലോണ്‍ അനുവദിച്ചു.

2009ല്‍ ലോണ്‍ അനുവദിച്ച ബാങ്ക് കര്‍ശന വ്യവസ്ഥകളാണ് മുന്നോട്ടുവെച്ചത്. വായ്പ തിരിച്ചടവ് ആരംഭിച്ച ആദ്യഘട്ടങ്ങള്‍ കൃത്യമായി നാണു വായ്പ തിരിച്ചടച്ചിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തി തൊണ്ണൂരായിരം രൂപയോളം ഇത്തരത്തില്‍ തിരിച്ചടച്ചെന്ന് നാണു പറയുന്നു. എന്നാല്‍ പിന്നീട് തിരിച്ചടവ് മുടങ്ങി. അപ്രതീക്ഷിതമായി ഭാര്യക്ക് നേരിട്ട അപകടം നാണുവിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി. ആശുപത്രി ചെലവുകളും വായ്പ തിരിച്ചടവും ഒന്നിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നു.

വീടിന് മുന്നില്‍ ബാങ്ക് പതിപ്പിച്ച പോസ്റ്റര്‍

ഇപ്പോള്‍ സര്‍ഫാസി നിയമം ഉപയോഗിച്ചാണ് ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കോടതിയുടെയോ മറ്റു ജുഡിഷ്യല്‍ സംവിധാനങ്ങളുടെയോ അനുമതിയില്ലാതെ തന്നെ ജപ്തി നടപടിക്രമങ്ങള്‍ നടത്താന്‍ ബാങ്കിന് അനുമതി നല്‍കുന്നതാണ് സര്‍ഫാസി നിയമം. പ്രസ്തുത നിയമത്തിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ബാങ്കുകള്‍ വ്യാപകമായി ഈ നിയമം ഉപയോഗിച്ച് ജപ്തികള്‍ നടത്തുന്നുണ്ട്.

“എടുത്ത തുക പലിശയടക്കം തിരിച്ചടക്കാന്‍ കഴിയുമെന്ന് വിശ്വാസത്തിലാണ് ലോണെടുത്തത്. ആദ്യമൊക്കെ അതിനു സാധിച്ചിരുന്നു. പക്ഷേ ഇതിന്റെയിടയില്‍ ഭാര്യ അപകടത്തില്‍പ്പെട്ട് കിടപ്പിലായി. അത് കഴിഞ്ഞപ്പോഴേക്കും മകളുടെ പ്രസവവും. ഇതോടെ ഞാന്‍ സാമ്പത്തികമായി പ്രതിസന്ധിയിലായി. ഇങ്ങനെയാണ് അടവ് മുടങ്ങിയത് “നാണു പറയുന്നു.

ബാങ്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യമാണ്. പക്ഷേ സമയം അനുവദിക്കാന്‍ അധികൃതര്‍ തയ്യാറല്ല. നാണു പറഞ്ഞു. വായ്പയും പലിശയും കൂട്ടി ആറ് ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നുമാണ് ബാങ്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

  കുടുംബം ഇപ്പോള്‍ താമസിക്കുന്ന തൊഴുത്ത്‌

അതേസമയം സംസ്ഥാന സര്‍ക്കാര്‍ സര്‍ഫാസി ആക്ടിനെതിരെ പ്രമേയം പാസാക്കുന്നതിന് മുന്‍പാണ് നാണുവിനെതിരെ സര്‍ഫാസി ചുമത്തിയതെന്ന് സഹകരണ ബാങ്ക് കുറ്റ്യാടി ശാഖ മാനേജര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ധാര്‍മികമായ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും പിന്നോക്കം പോകുന്ന നിലപാടാണ് പല സഹകരണ ബാങ്കുകളും കൈക്കൊള്ളുന്നത്. കുറ്റ്യാടി സഹകരണ ബാങ്ക് മുന്‍പും സര്‍ഫാസി നിയമം ഉപയോഗിച്ചതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. സമീപ പ്രദേശത്തുള്ള വായ്പയെടുത്തവരില്‍ പലരും ജപ്തി ഭീഷണിയിലുമാണ്.

“ബാങ്ക് മാനേജര്‍ക്ക് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്ന തൊഴുത്തിലെ പശുവിന്റെ മാനസിക അവസ്ഥടെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തീര്‍ത്തും നിര്‍ധനരായ ഇവരെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ കഴിയില്ലായിരുന്നു. ജന്മനാ ഭിന്നശേഷിക്കാരമാണ് നാണു. രണ്ട് പെണ്‍മക്കളാണ്. പിന്നെ അവരുടെ കുട്ടികളും. യാതൊരു അടച്ചുറപ്പോ സുരക്ഷയോ ഇപ്പോള്‍ ഇവരുടെ സ്വത്തിനും ജീവനുമില്ല. പെണ്‍കുട്ടികളുടെ അവസ്ഥയൊക്കെ കഷ്ടത്തിലാണ്” സാമൂഹിക പ്രവര്‍ത്തകനും നാട്ടുകാരനുമായ കേളു പറയുന്നു.

കൃഷിഭൂമിക്ക് ജപ്തി ബാധകമല്ലെന്നാണ് വ്യവസ്ഥയെങ്കിലും അത് ബാങ്കുകള്‍ പരിഗണിക്കാറില്ലെന്ന് സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തകര്‍ പറയുന്നു. സര്‍ഫാസി നിയമ നടപടികള്‍ക്കെതിരെ പരാതിപ്പെടാന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ എന്ന സംവിധാനം മാത്രമാണുള്ളത്. പരാതികളില്‍ നീതിയുക്തമായ വിചാരണ നടത്താനോ കടാശ്വാസം നല്‍കാനോ പരിഹാരം നല്‍കാനോ ഡി.ആര്‍.ടിക്ക് നേരിട്ട് അധികാരമില്ല. കൂടാതെ, നിയമത്തിലെ 34ാം വകുപ്പ് നിയമനടപടികളില്‍ നിന്ന് ബാങ്കിന് പരിരക്ഷ നല്‍കുന്നുമുണ്ട്.

സര്‍ഫാസി നിയമത്തിനെതിരെ എറണാകുളത്ത് നടത്തിയ പ്രതിഷേധം

സര്‍ഫാസി നിയമത്തെ പിന്‍പറ്റി സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ബാങ്കുകളുടെ കൊള്ളകള്‍ നടക്കുന്നുണ്ടെന്നെ വാര്‍ത്തകള്‍ നേരത്തെതന്നെ പുറത്തുവന്നിട്ടുണ്ട്.

നിമിഷ ടോം